ന്യൂഡൽഹി: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. തോർപിന്റെ ഭാര്യ അമാൻഡ തോർപാണ് താരം വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷാദം കൂടി വന്നു. കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചു. പല ചികിത്സകളും നടത്തി. പക്ഷേ അതൊന്നും ഫലം കണ്ടില്ല.അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയി. -അമാൻഡ പറഞ്ഞു
2022-മേയിൽ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി ദീർഘകാലം ഐസിയുവിലും കിടന്നു. ഇപ്പോള്‍ തോർപിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാൻഡ പറഞ്ഞു.
12 വർഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിൽ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ബൗളറുമായിരുന്നു. 189 ഫസ്റ്റക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2005-ലാണ് വിരമിക്കുന്നത്.
സറേ ക്ലബിനും രാജ്യത്തിനും വേണ്ടി അദ്ദേഹം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. 1993ൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ തോര്‍പ് പുറത്താകാതെ 114 റൺസ് നേടി. 2002ൽ ന്യൂസീലൻഡിനെതിരെ പുറത്താകാതെ 200 റൺസ് നേടിയതാണ് മികച്ച ടെസ്റ്റ് പ്രകടനം.
2005-ൽ വിരമിച്ച അദ്ദേഹം ഓസ്ട്രേലിയയിൽ കോച്ചിംഗ് ആരംഭിച്ച് ന്യൂ സൗത്ത് വെയിൽസിനൊപ്പം പ്രവർത്തിച്ചു. 2013 ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായി. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയിൽ തോര്‍പിനെ താൽക്കാലിക പരിശീലകനായി നിയമിച്ചു. ടീമിനെ 2-1 വിജയത്തിലേക്ക് നയിച്ചു.
2022 മാർച്ചിൽ അഫ്ഗാനിസ്താന്റെ മുഖ്യ പരിശീലകനായി തോര്‍പിനെ നിയമിച്ചുവെങ്കിലും ടീമിൽ ചേരുന്നതിന് മുമ്പ് ഗുരുതരമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം ഏറ്റെടുക്കാനായിരുന്നില്ല.