സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍ ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലിവെഞ്ചേഴ്സ് യുകെ ലിമിറ്റഡ് വഴിയാകും ഇടപാട് പൂര്‍ത്തിയാക്കുക.
ഇതോടെ ബി.ടി ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഭാരതി ഗ്ലോബല്‍ മാറും. ഏറ്റെടുക്കലിലൂടെ ആഗോളതലത്തില്‍ സാന്നിധ്യം വിപുലമാക്കാന്‍ കമ്പനിക്ക് കഴിയും.
ഇന്ത്യന്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലുകളിലൊന്നാണിതെന്നാണ് വിലയിരുത്തല്‍. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യം നിലവില്‍ 8.26 ലക്ഷം കോടി രൂപയാണ്. ബി.ടി ഗ്രൂപ്പിന്റേതാകട്ടെ 1.39 ലക്ഷം കോടിയുമാണ്.
1997ല്‍ യുകെ ആസ്ഥാനമായുള്ള ബി.ടി ഗ്രൂപ്പ് ഭാരതി എയര്‍ടെലിന്റെ 21 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് ഇരു ഗ്രൂപ്പുകള്‍ക്കും തമ്മിലുള്ളത്. എ.ഐ, 5ജി ഉള്‍പ്പടെയുള്ള മേഖലകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.