ഇടുക്കി: സിനിമാ ചിത്രീകരണത്തിനിടെ വിരണ്ടോടിയ പുതുപ്പള്ളി സാധു നാട്ടാനയെ കണ്ടെത്തി കാട്ടിനുള്ളില് നിന്ന് പുറത്തെത്തിച്ചു. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് ആനയെ കണ്ടെത്തിയത്. നിലവിൽ ആന പൂർണ ആരോഗ്യവാനാണെന്നാണ് ലഭിക്കുന്ന വിവരം. കാടിന് വെളിയിൽ എത്തിച്ച് ഭക്ഷണവും വെള്ളവും കൊടുത്ത് വിശ്രമിക്കുകയാണ് ആന.
ആന ഉടമയ്ക്കൊപ്പം ഉണ്ടായിരുന്ന വെറ്റിനറി ഡോക്ടർ പരിശോധിച്ച് മുറിവുകളോ പ്രശ്നങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കാട്ടിലേക്ക് ഓടിക്കയറിയതിന് ശേഷം ആന ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. അതുമായി ബന്ധപ്പെട്ട് ക്ഷീണം ഉണ്ട്. ആവശ്യമായ ഭക്ഷണവും വെള്ളവും ആവശ്യത്തിന് വിശ്രമവും ലഭിച്ചു കഴിഞ്ഞാൽ ആനയെ തിരികെ കൊണ്ടുപോകും.
0 seconds of 2 minutes, 39 secondsVolume 90%
കഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ആന മറ്റൊരു ആനയുടെ കുത്തേറ്റ് വിരണ്ട് കാട്ടിലേക്ക് ഓടിക്കയറിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം ആനയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു സാധു എന്ന ആനയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. ഏതാണ്ട് മൂന്ന് മണിക്കുറോളം തിരച്ചിൽ നീണ്ടു. അഞ്ച് കിലോമീറ്ററോളം അകത്തേക്ക് ആന പോയിരുന്നു. ഉൾവനത്തിൽ എത്തുന്നതിന് മുമ്പേ തിരിച്ചു വരികയായിരുന്നു എന്നാണ് തിരച്ചിലിന് പോയവർ വ്യക്തമാക്കുന്നത്. നാട്ടാന ആയതുകൊണ്ട് തന്നെ കാടിന്റെ സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കാത്ത ഒരു അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ജനവാസമേഖലയ്ക്ക് സമീപത്തേക്ക് ആന മടങ്ങിവരികയായിരുന്നു. തിരച്ചിലിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും വാച്ചർമാരുടേയും ശ്രദ്ധയിൽപെടുകയായിരുന്നു.
തിരച്ചിൽ സംഘത്തോടൊപ്പം ആനയുടെ ഒന്നാം പാപ്പാൻ ഉണ്ടായിരുന്നു. ശബ്ദമുണ്ടാക്കി വിളിച്ച ഉടൻ തന്നെ ആന മെരുങ്ങുകയും സമീപത്തെത്തി അനുസരിക്കുകയും ചെയ്തു എന്നാണ് തിരച്ചിലിന് പോയവർ വ്യക്തമാക്കുന്നത്. കാട്ടിൽ നിന്ന് നടത്തിത്തന്നെയാണ് റോഡിന് സമീപത്തേക്ക് എത്തിച്ചത്. അതിന് ശേഷം കയറുപയോഗിച്ച് ആനയെ ബന്ധിച്ച് ഭക്ഷണവും വെള്ളവും നൽകിയത്. പ്രകോപനമൊന്നും ആനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
. ആനയെ ഷൂട്ടിങ്ങിന് ഉപയോഗിക്കുമ്പോൾ നിയമപരമായ കാര്യങ്ങൾ പാലിച്ചാണോ ആനകളെ എത്തിച്ചത് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. രണ്ട് കൊമ്പനും മൂന്ന് പിടിയാലനകളും ഉൾപ്പെടെ അഞ്ച് ആനകളെയാണ് സിനിമാ ചിത്രീരണത്തിനായി എത്തിച്ചത്.