അതിശയിപ്പിക്കുന്നരീതിയിൽ വണ്ണംകുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബ്രസീലിയൻ ബോഡിബിൽഡർ അന്തരിച്ചു. ഹൃദയാഘാതമുണ്ടായാണ് പത്തൊമ്പതുകാരനായ മതിയുസ് പാവ്ലക് ഞായറാഴ്ച അന്തരിച്ചത്.
അമിതവണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണംകുറയ്ക്കൽ യാത്ര സാമൂഹികമാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബിൽഡറായത്.
പ്രാദേശികമായി സംഘടിപ്പിച്ച ബോഡിബിൽഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു. 2019 മുതൽ തന്റെ ബോഡിബിൽഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു.
അമിതവണ്ണത്തിന് പരിഹാരമായി വർക്കൗട്ട് തുടങ്ങിയയാളാണ് മതിയുസ് എന്ന് മുൻ ട്രെയിനറായ ലൂകാസ് ചെഗാറ്റി പറഞ്ഞു. 2022-ൽ തങ്ങൾ കണ്ടുമുട്ടുമ്പോൾ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുകയും ചാമ്പ്യനായി വളർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്ന് ലൂകാസ് പറയുന്നു.
അതിനിടെ മതിയുസിന്റെ മരണത്തിനുപിന്നാലെ ബോഡിബിൽഡിങ്ങിന്റെ ഭാഗമായി സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചതാണോ മരണകാരണമെന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
- ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിര്‍ദേശത്തോടെയാവാം വ്യായാമങ്ങള്‍.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാന്‍ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം.
- മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ചിലര്‍ക്ക് ഉണ്ടാകാം. സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- വ്യായാമത്തിന് മുന്‍പ് വാം അപ് നിര്‍ബന്ധമാണ്. കൈകാലുകള്‍ക്ക് സ്ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തേശഷം വ്യായാമത്തിലേക്ക് കടക്കാം.
- വര്‍ക്ക്ഔട്ടിന് മുന്‍പ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവര്‍ ഒരു പേഴ്സണല്‍ ട്രെയിനറുടെ കീഴില്‍ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വര്‍ക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശം ലഭിക്കാന്‍ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുകയും ദാഹിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.