നേമം(തിരുവനന്തപുരം): പാപ്പനംകോട് ഇൻഷുറൻസ് ഏജൻസി ഓഫീസിൽ ജീവനക്കാരിയടക്കം രണ്ടുപേർ വെന്തുമരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. ഭാര്യയെ തീയിട്ടു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. തീപ്പിടിത്തത്തിൽ പാപ്പനംകോട് ദിക്കുബലിക്കളം റോഡ് ശിവപ്രസാദത്തിൽ വൈഷ്ണ(35)യാണ് മരിച്ചത്.
ഒപ്പം മരിച്ചത് വൈഷ്ണയുടെ രണ്ടാം ഭർത്താവ് നരുവാമൂട് സ്വദേശി ബിനുവാണെന്നാണ് പോലീസിനു ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നത്. ബിനു ഓഫീസിലേക്കു കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഡി.എൻ.എ. ഫലം വന്നശേഷമേ മരിച്ചത് ബിനുവാണെന്ന് സ്ഥിരീകരിക്കൂ. രണ്ടുപേരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരുന്നു.
സംഭവത്തിനു കുറച്ചുസമയം മുൻപ് ബിനു നരുവാമൂട്ടിൽനിന്ന് ഓട്ടോയിൽ പഴയകാരയ്ക്കാമണ്ഡപത്ത് ഇറങ്ങിയശേഷം ഏജൻസി ഓഫീസുള്ള പാപ്പനംകോട് ഭാഗത്തേക്കു നടന്നുവന്ന് തൊട്ടുതാഴെയുള്ള കടവരെ എത്തിയതിന്റെ ദൃശ്യം പോലീസിനു ലഭിച്ചു.പെയിന്റിങ് തൊഴിലാളിയായ ബിനു ടർപന്റൈൻപോലുള്ള ദ്രാവകവും കൃത്യത്തിനുപയോഗിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം വൈഷ്ണയുടെ മൃതദേഹം സംസ്കരിച്ചു. ബിനുവിന്റേതെന്നു സംശയിക്കുന്ന മൃതദേഹം ഡി.എൻ.എ. പരിശോധനയ്ക്കായി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നടത്തുന്ന സമയത്ത് ബിനുവിന്റെ ബന്ധുക്കൾ ആശുപത്രിയിലെത്തിയിരുന്നു. വൈഷ്ണ നാലുവർഷം മുൻപ് ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. പിന്നീടാണ് ബിനുവിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്.
നിയമപരമായി പിരിയാൻ തയ്യാറെടുക്കുന്നതിനിടെ കൊലപാതകം
ബിനുവുമായുള്ള ബന്ധം വേർപെടുത്താൻ വൈഷ്ണ കോടതിയെ സമീപിക്കുകയും അതിന്റെ നടപടികൾ നടന്നുവരുകയും ചെയ്യുന്നതിനിടെയാണ് വൈഷ്ണ ദാരുണമായി കൊല്ലപ്പെട്ടത്. വൈഷ്ണയുടെ വീട്ടിലും ജോലിചെയ്യുന്ന ഏജൻസി ഓഫീസിലും ബിനു പലതവണയെത്തി ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
സഹോദരനു പലപ്പോഴും ഫോണിൽ ഭീഷണിസന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ബിനു, വൈഷ്ണയുടെ ഓഫീസിലേക്കു വരുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽ തോളിൽ ഒരു ബാഗ് തൂക്കിയിട്ടുണ്ട്. അതിൽ നിറച്ച് സാധനങ്ങളുണ്ടായിരുന്നതായും കാണാം. ഇതിൽനിന്ന് ബിനു കൊലപാതകത്തിനു തയ്യാറെടുത്തുതന്നെയാണ് വന്നതെന്നു ബോധ്യമാകും. ഏതാനും മാസങ്ങൾക്കു മുൻപ് ഓഫീസിലെത്തി ഭീഷണി മുഴക്കിയതിനാൽ നേമം പോലീസിൽ വൈഷ്ണ പരാതിനൽകുകയും ചെയ്തിരുന്നു.
ബിനുവിന്റെ ഭീഷണി ഭയന്ന് കുറച്ചുനാൾ മുൻപ് വൈഷ്ണ സ്വയരക്ഷയ്ക്കു മുളകുപൊടി സ്പ്രേ കൈയിൽ കരുതുമായിരുന്നുവെന്ന് ഏജൻസി ഉടമ പറഞ്ഞു. ആറുവർഷത്തിലധികമായി വൈഷ്ണ ഈ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. വൈഷ്ണതന്നെയാണ് രാവിലെ ഓഫീസ് തുറക്കുകയും വൈകീട്ട് അടയ്ക്കുകയും ചെയ്യുന്നത്.
ജോലി ചെയ്യുന്നതോടൊപ്പം പി.എസ്.സി. പരീക്ഷയ്ക്കും പഠിച്ചിരുന്നു. സർക്കാർജോലി വാങ്ങി സ്വന്തമായി വീടുവയ്ക്കണമെന്നും മക്കളെ നന്നായി പഠിപ്പിക്കണമെന്നുമൊക്കെയുള്ള ആഗ്രഹം വൈഷ്ണ പങ്കുവയ്ക്കുമായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.