അമ്പലവയൽ: പോഷകങ്ങളുടെ കലവറയായ വെണ്ണപ്പഴം (അവക്കാഡോ) കൃഷിചെയ്തവർക്ക് ഇക്കുറി കോള്. പ്രതികൂലകാലാവസ്ഥയിലും മികച്ചവിളവും വരുമാനവും നൽകി പ്രതീക്ഷയാവുകയാണീ കൃഷി. വയനാട്ടിലെ പ്രധാനവിപണിയായ അമ്പലവയലിൽനിന്ന് ഈ സീസണിൽ കയറ്റിയയച്ചത് ടൺകണക്കിന് വെണ്ണപ്പഴമാണ്. ഒരുകാലത്ത് തൊടിയിൽ പാഴായിപ്പോയിരുന്ന വെണ്ണപ്പഴത്തിനിപ്പോൾ ആവശ്യക്കാരേറി. ഒന്നും രണ്ടും മരങ്ങൾ പരിപാലിച്ചിരുന്നവർ ഇന്ന് കൃഷിയെ ഗൗരവമായിക്കാണുന്നു. പരിചരിക്കാൻ എളുപ്പവും സ്ഥിരവരുമാനവും നൽകുന്ന വിളയായി വെണ്ണപ്പഴം മാറി. അമ്പലവയൽ മേഖലയിൽ ഏക്കറുകണക്കിന് തോട്ടങ്ങളിൽ വെണ്ണപ്പഴക്കൃഷി ഇടംപിടിച്ചിട്ടുണ്ട്.
വില നൂറിൽ താഴ്ന്നില്ല
ഈ സീസണിൽ മുന്തിയയിനം കായ്കൾക്ക് 230 രൂപവരെ വിലകിട്ടി. ഇടത്തരം കായ്കൾക്ക് 150 രൂപമുതലും മൂന്നാംതരത്തിന് 100 രൂപയും വില ലഭിച്ചു. ജനുവരിയിൽ ആരംഭിച്ച വിളവെടുപ്പുകാലം സെപ്റ്റംബർ പകുതിയോടെയാണ് അവസാനിക്കുന്നത്. എട്ടുമാസത്തിനിടെ ഒരുതവണപോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ മൂന്നാംതരം കായ്കൾക്ക് 60 രൂപവരെ വിലതാഴ്ന്നിരുന്നു.
ദിവസം 10 ടൺ കയറ്റുമതി
അമ്പലവയലിലും ചേരമ്പാടിയിലുമായി ഇരുപതോളം മൊത്തക്കച്ചവടസ്ഥാപനങ്ങളാണുള്ളത്. ഇവിടെനിന്ന് അഞ്ചുമുതൽ 10 ടൺവരെ വെണ്ണപ്പഴമാണ് ദിവസവും കയറ്റുമതി ചെയ്യുന്നത്. ഫെബ്രുവരി മുതൽ തുടർച്ചയായ മൂന്നുമാസങ്ങളിൽ 10 ടണ്ണിലധികം കയറ്റുമതി നടന്നു. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. അവിടെനിന്ന് ഗോവ, ഹൈദരാബാദ്, ബോംബെ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നു.
ഇടത്തരം കായ്കൾക്ക് ഡിമാൻഡ്
ഉരുണ്ട ആകൃതിയും മിനുസവും നല്ല പച്ചനിറവും ഇടത്തരം വലുപ്പവുമുള്ള കായ്കൾക്കാണ് നല്ല വിലകിട്ടുന്നത്. അതിശക്തമായ മഴകാരണം കായ്കളിൽ കറുത്ത പുള്ളിക്കുത്തുകളും പാടുകളും വീഴുന്നതാണ് പ്രധാന പ്രശ്നം. ഇവയ്ക്ക് വിലകുറയും. മരങ്ങൾക്ക് കേടുബാധിക്കുന്നതും വെല്ലുവിളിയാണ്. വലിപ്പമുള്ള ഒരു മരത്തിൽനിന്ന് ഒരു സീസണിൽ ശരാശരി നാലുടൺ വിളവെടുക്കാനാകും.
മരങ്ങൾക്ക് ആയുസ്സില്ല
രോഗങ്ങൾകാരണം മരത്തിന് ആയുസ്സ് കുറയുന്നതാണ് ആശങ്ക. തടിതുരക്കുന്ന പുഴുക്കളുടെ ശല്യം, ഇലകൊഴിച്ചിൽ എന്നിവയാണ് നേരിടുന്നത്. ഈ രോഗത്തിന് മരുന്നില്ല. ഇലകളിൽ പൂപ്പൽ ബാധിച്ച് കൊമ്പുകൾ ഉണങ്ങിവീഴുന്നതും കൃഷിയെ ബാധിക്കുന്നുണ്ട്.
സണ്ണി മുതിരക്കാല, വെണ്ണപ്പഴം കർഷൻ, കളത്തുവയൽ
വിളവെടുപ്പ് ശ്രദ്ധയോടെവേണം
നന്നായി പരിചരിച്ച് വിളവെടുത്താൽ നല്ല വരുമാനം കിട്ടും. കായ്കൾ പറിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കണം. നിലത്തുവീണോ മറ്റോ കായ്കൾക്ക് ക്ഷതമേറ്റാൽ അവ കയറ്റുമതിക്ക് പറ്റാതെവരും. ശുഭസൂചനയാണ് ഈ സീസണിൽ വിപണിയിൽനിന്ന് ലഭിച്ചിട്ടുള്ളത്.