മരണത്തിന് മുമ്പേ മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ട് പ്രശസ്ത യൂട്യൂബറായ പോൾ ഹാരെൽ. പാൻക്രിയാറ്റിക് കാൻസർ ബാധിച്ചാണ് അമ്പത്തിയെട്ടുകാരനായ പോൾ ഹാരെൽ മരിച്ചത്. കഴിഞ്ഞ ഡിസംബർ ഇരുപതിന് സ്വന്തം മരണത്തേക്കുറിച്ച് ചിത്രീകരിച്ച വീഡിയോ ആണ് കുടുംബം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പത്തുദശലക്ഷത്തിലേറെ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലിനുടമയായിരുന്നു പോൾ. പാൻക്രിയാറ്റിക് കാൻസറിന്റെ രണ്ടാംഘട്ടത്തിൽ വച്ചാണ് പോളിന് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു രോഗസ്ഥിരീകരണം. തുടർന്നാണ് തന്റെ മരണം ഉറപ്പായതോടെ അതേക്കുറിച്ചൊരു വീഡിയോ ചെയ്യാൻ പോൾ തീരുമാനിച്ചത്. നിങ്ങൾ എന്നെ ഇപ്പോൾ കാണുന്നുണ്ടെങ്കിൽ, താനപ്പോഴേക്കും മരിച്ചുവെന്നറിയുക എന്നു പറഞ്ഞാണ് പോൾ വീഡിയോ ചെയ്തിരിക്കുന്നത്.
കാൻസർ സ്ഥിരീകരണം നടത്തിയ അതേയിടത്തുവച്ചാണ് പോൾ മരണത്തേക്കുറിച്ച് സംസാരിക്കുന്നതും പകർത്തിയിരിക്കുന്നത്. കാൻസർ തന്റെ അസ്ഥികളിലേക്ക് പടർന്നിട്ടുണ്ടെന്നും അവ എളുപ്പത്തിൽ നുറുങ്ങിപ്പോകുന്നുണ്ടെന്നും പോൾ പറഞ്ഞിരുന്നു. അടുത്ത പത്തുപതിനഞ്ചുവർഷമെങ്കിലും താൻ ഈ യൂട്യൂബ് കുടുംബത്തിനൊപ്പമുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ അതിന് കഴിഞ്ഞില്ലെന്നും പോൾ പറഞ്ഞിരുന്നു.
രോഗം സ്ഥിരീകരിച്ചപ്പോഴും ഇവിടെ രണ്ടോ,മൂന്നോ വർഷം ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ അത് വെറും മാസങ്ങൾ മാത്രമായി കുറഞ്ഞു. താൻ എല്ലാവരെയും വിഷമിപ്പിച്ചുവെന്നാണ് കരുതുന്നുതെന്നും പോൾ വീഡിയോയിൽ പറയുകയുണ്ടായി.
പാൻക്രിയാറ്റിക് കാൻസർ-ശ്രദ്ധവേണം
പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. ഭക്ഷണം ദഹിക്കാനുള്ള എൻസൈമുകളെ ഉത്പാദിപ്പിക്കുന്നതും രക്തത്തിലെ ഷുഗർനില നിയന്ത്രിക്കാനുള്ള ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമൊക്കെ പാൻക്രിയാസ് ആണ്. പാൻക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്.
ലക്ഷണങ്ങൾ
രോഗം വൈകിയ ഘട്ടങ്ങളിൽ മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ.
വയറിന്റെ വശങ്ങളിലോ പുറംഭാഗത്തോ ഉള്ള വേദന, വിശപ്പില്ലായ്മ, വണ്ണം കുറയുക, മഞ്ഞപ്പിത്തം, മൂത്രത്തിന് ഇരുണ്ടനിറം, ചൊറിച്ചിൽ, പ്രമേഹം, കൈയിലോ, കാലിലോ വേദനയും വീക്കവും, അമിതക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.