ദുബായ്: വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം ജയംമാത്രമല്ല, ജയത്തിനൊപ്പം ഉയർന്ന റൺറേറ്റുമുണ്ടെങ്കിലേ സെമിഫൈനൽ സാധ്യത നിലനിർത്താനാകൂ. ബുധനാഴ്ച രാത്രി 7.30-ന് ദുബായിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്കയാണ്.
ഗ്രൂപ്പ് എ-യിലെ ആദ്യമത്സരത്തിൽ ന്യൂസീലൻഡിനോടു തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച് രണ്ടു പോയിന്റ് നേടിയെങ്കിലും ടീമിന്റെ റൺറേറ്റ് ആശാവഹമല്ല (-1.217). അവസാനഘട്ടത്തിൽ ടീമുകളുടെ പോയിന്റുനില തുല്യമായാൽ സെമിപ്രവേശനത്തിന് റൺറേറ്റ് കണക്കാക്കേണ്ടിവരും. അടുത്തമത്സരത്തിലെ എതിരാളി കരുത്തരായ ഓസ്ട്രേലിയയായതിനാൽ ലങ്കയ്ക്കെതിരേ ഇന്ത്യ വലിയമാർജിനിലുള്ള ജയം ലക്ഷ്യമിടുന്നു.
പാകിസ്താനെതിരേ 105 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ 18.5 ഓവർ വേണ്ടിവന്നത് ഇന്ത്യയുടെ ബാറ്റിങ് അത്ര ഉറപ്പുള്ളതല്ലെന്ന സൂചനയാണ്. ആദ്യമത്സരത്തിൽ ന്യൂസീലൻഡിനെതിരേ തകർന്നടിയുകയുംചെയ്തു. ഷെഫാലി വർമ-സ്മൃതി മന്ഥാന ഓപ്പണിങ് സഖ്യം പ്രതീക്ഷിച്ച മികവിലേക്ക് ഉയരുന്നില്ല. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കുപറ്റി റിട്ടയർചെയ്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബുധനാഴ്ച കളിക്കുന്നകാര്യം ഉറപ്പില്ല. മലയാളികളായ സ്പിന്നർ ആശാ ശോഭന, ഓൾറൗണ്ടർ സജനാ സജീവൻ എന്നിവർ രണ്ടാംമത്സത്തിലുണ്ടായിരുന്നു. സജനയുടെ ഫോറിലൂടെയാണ് ഇന്ത്യ വിജയറൺ കുറിച്ചത്. ലങ്കയ്ക്കെതിരേയും ഇരുവരും ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കൻ ടീം ആദ്യ രണ്ടുമത്സരങ്ങളും തോറ്റിരുന്നു. സെമിയിലേക്ക് നേരിയ പ്രതീക്ഷയെങ്കിലും നിലനിർത്താൻ ലങ്കയ്ക്കും ജയം അനിവാര്യം.