ന്യൂഡൽഹി: ആദ്യമത്സരത്തിലെ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ. ആശ്വാസജയംതേടി ബംഗ്ലാദേശ്. ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക് ആശങ്കപ്പെടാനൊന്നുമില്ല. കരുത്തുതെളിയിക്കാനുള്ള വ്യഗ്രത ആവോളമുണ്ടുതാനും. മത്സരം വൈകീട്ട് ഏഴുമുതൽ ഡൽഹിയിൽ. പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിനായിരുന്നു. രണ്ടു പുതുമുഖതാരങ്ങൾ ഉൾപ്പെടെ, യുവനിരയുമായിറങ്ങിയ ഇന്ത്യ 49 പന്ത് ബാക്കിനിൽക്കെ ജയം പിടിച്ചെടുത്തു.
ഓപ്പണറായിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ, മൂന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയ സ്പിന്നർ വരുൺ ചക്രവർത്തി, അന്താരാഷ്ട്ര അരങ്ങേറ്റംകുറിച്ച നിധീഷ് റെഡ്ഡി, മായങ്ക് യാദവ് തുടങ്ങിയവർക്കെല്ലാം മത്സരം നല്ല ഓർമ്മയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഒരുപോലെ മുന്നിൽനിന്നു. ഓപ്പണറായി ഇറങ്ങിയ വെടിക്കെട്ട് ബാറ്റർ അഭിഷേക് യാദവ് റൺഔട്ടായത് മാത്രമാണ് ഇന്ത്യക്ക് നിരാശപകർന്നത്.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ, ആദ്യമത്സരത്തിലെ ടീമിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ബുധനാഴ്ച ഇറങ്ങുക. ഇന്ത്യയിൽ പര്യടനത്തിനെത്തിയ ബംഗ്ലാദേശിന് ആശ്വാസകരമായ ഫലം ഇതുവരെയുണ്ടായിട്ടില്ല. ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റു. ട്വന്റി 20 പരമ്പരയിൽ മൂന്നുമത്സരമുണ്ട്. പാകിസ്താനെതിരേ പരമ്പര ജയിച്ചതിന്റെ ആവേശവുമായി ഇന്ത്യയിലെത്തിയ ടീമിന് ഇവിടെ സമാശ്വാസമായി ഒരു ജയമെങ്കിലും നേടേണ്ടതുണ്ട്.