ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമയിലെ നടിമാർ പുറത്തുപറഞ്ഞ ലൈംഗികാതിക്രമ പരാതികളിൽ പ്രതികരണവുമായി തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ. ഡബ്ള്യുസിസി അംഗങ്ങൾ ശെരിക്കും എന്റെ ഹീറോകളാണ്. ഈ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിന്മയിയുടെ പ്രതികരണം.
‘ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിനെയും വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഇക്കാര്യത്തിനായി സ്ത്രീകൾ എല്ലാവരും ഒന്നിച്ചു നിന്നു… ഇതൊന്നും വേറൊരു ഇൻഡസ്ട്രിയിലും കാണാൻ സാധിക്കില്ല… ഈ പരസ്യമായ രഹസ്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം… സ്ത്രീകൾക്ക് തുരങ്കത്തിൻ്റെ അറ്റത്ത് ഒരു വെളിച്ചമെങ്കിലും കാണാൻ കഴിഞ്ഞത് ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്’… ചിന്മയി പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നുവെന്ന് ചിന്മയി പറഞ്ഞു. തനിക്ക് ഇതുവരെ അങ്ങനെയൊരു പിന്തുണ ലഭിച്ചിട്ടില്ല.
“ഞങ്ങൾ ഒരു സംഭവം പുറത്തു പറഞ്ഞാലും, അതുമായി ബന്ധപ്പെട്ട കേസ് ഫയൽ ചെയ്താലും, പെട്ടെന്ന് ഒന്നും സംഭവിക്കില്ല. ആ കേസ് വർഷങ്ങളും പതിറ്റാണ്ടുകളും ഇഴയും. കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഇപ്പോഴും കോടതികൾ കയറി ഇറങ്ങുന്ന ആളാണ്, ജോലി ചെയ്യാനുള്ള എൻ്റെ അവകാശത്തിനായി ഇപ്പോഴും പോരാടുന്നു, തന്നെ ഒറ്റപ്പെടുകയാണ് തമിഴ് സിനിമാമേഖല ചെയ്തതെന്നുംചിന്മയി ചൂണ്ടിക്കാട്ടി.
അതേസമയം, തമിഴ് സിനിമയയിലെ പല പ്രധാനികൾക്കെതിരെയും മി ടൂ ആരോപണവുമായി സധൈര്യം മുന്നോട്ടുവന്നയാളാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയായിരുന്നു ചിന്മയി ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കുമെതിരെയും രംഗത്തെത്തിയിരുന്നു. മിക്ക കുറ്റവാളികളും സിനിമയിൽ ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ‘അധികാരത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പണത്തിൻ്റെയും കൂട്ടുകെട്ട്’ എന്നാണ് ചിന്മയി വിശേഷിപ്പിച്ചത്. അധികാര ലോബി എല്ലായിടത്തും നിലവിലുണ്ട്. രാഷ്ട്രീയ ബന്ധങ്ങളും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെ പിന്തുണയുമാണ് ഈ കുറ്റവാളികൾക്ക് തുണയാകുന്നതെന്നും അവർ വ്യക്തമാക്കി.