ന്യൂഡല്‍ഹി: വിസ്താര-എയര്‍ഇന്ത്യ ലയനം സെപ്റ്റംബര്‍ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായിമാറാന്‍ എയര്‍ഇന്ത്യക്ക് കഴിയും. എയര്‍ഇന്ത്യയുടെ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വാങ്ങും. ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂര്‍ എര്‍ലൈന്‍സ് ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ ഇറക്കുന്നത്.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയര്‍ഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയര്‍ലൈന്‍സ്. ഇതില്‍ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന് 2023-ല്‍ അനുമതി നല്‍കിയിരുന്നു. സിംഗപ്പുരില്‍നിന്നും സമാനമായ അനുമതികള്‍ ലഭിച്ചിട്ടുണ്ട്.
ലയനം സംബന്ധിച്ച വിവരങ്ങള്‍ വിസ്താര അധികൃതര്‍ ജീവനക്കാര്‍ക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. നവംബര്‍ 12-നുശേഷം വിസ്താരയില് ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകള്‍ എയര്‍ഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിസ്താരയുടെ എല്ലാ വിമാന സര്‍വീസുകളും ലയനത്തിനുശേഷം എയര്‍ ഇന്ത്യയാകും നടത്തുക. വിസ്താരയുടെ പ്രവര്‍ത്തനം 2024 നവംബര്‍ 11-വരെ മാത്രമെ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.