മലപ്പുറം: മലപ്പുറം എസ്.പി. എസ്. ശശിധരനെതിരേ കുത്തിയിരിപ്പ് സമരവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. എസ്.പി. ഓഫീസിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ക്യാമ്പ് ഓഫീസിന് മുന്പില് എം.എല്‍.എയുടെ സമരം.
വ്യാഴാഴ്ച വൈകിട്ട് എസ്.പിയുടെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുന്പില് എം.എല്‍.എ. എത്തിയിരുന്നു. ക്യാമ്പ് ഓഫീസിലെ കോമ്പൗണ്ടില്‍നിന്ന് മുറിച്ചു കടത്തിയ മരങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും അവ കാണണം എന്നുമായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ ഇതിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങി.
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ കുത്തിയിരിപ്പ് സമരവുമായി അന്‍വര്‍ എത്തിയത്. മരങ്ങള്‍ വെട്ടിമാറ്റിയത് അന്വേഷിക്കണം, എസ്.പിക്കെതിരേ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ആവശ്യങ്ങളാണ് എം.എല്‍.എ. മുന്നോട്ടുവെച്ചിട്ടുള്ളത്.
2021-ല്‍ ക്യാമ്പ് ഓഫീസില്‍നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. നേരത്തേ ഇവിടെ എസ്.െഎ. ആയിരുന്നു ശ്രീജിത്ത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിനെത്തുടര്‍ന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ മരംമുറിക്കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നാണ് എം.എല്‍.എ.യുടെ ആരോപണം.
മുറിച്ചമരങ്ങളുടെ അവശിഷ്ടം കാണണമെന്നാവശ്യപ്പെട്ടാണ് എം.എല്‍.എ. വ്യാഴാഴ്ച വൈകിട്ട് ക്യാമ്പ് ഓഫീസിലെത്തിയത്. എന്നാല്‍ പാറാവിലുണ്ടായിരുന്ന പോലീസുകാര്‍ ഇദ്ദേഹത്തെ തടഞ്ഞു. അനുമതിയില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പോലീസ് മേധാവി ശശിധരന് ആ സമയം വീട്ടിലുണ്ടായിരുന്നില്ല. കുറേസമയം പോലീസുമായി തര്‍ക്കിച്ച എം.എല്‍.എ. പോലീസ് മേധാവിയെ വിളിച്ച് അനുമതിചോദിക്കാന് ആവശ്യപ്പെട്ടു. അതുപ്രകാരം പോലീസുകാരന് വിളിച്ചെങ്കിലും ഇപ്പോള്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്ന് എം.എല്‍.എ. മടങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞയാഴ്ച പോലീസ് അസോസിയേഷന്റെ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെ പി.വി. അന്‍വര്‍ പോലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.