മൊണാക്കോ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയാണ് പത്തുപേരായി ചുരുങ്ങിയ ഹാന്‍സി ഫ്ളിക്കിനേയും സംഘത്തേയും കീഴടക്കിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മൊണാക്കോയുടെ ജയം.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ബാഴ്സ പത്തുപേരായി ചുരുങ്ങി. പ്രതിരോധതാരം എരിക് ഗാര്‍ഷ്യയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. പെനാല്‍റ്റി ബോക്സില്‍ നിന്ന് ഗോള്‍കീപ്പര്‍ ടെര്സ്റ്റീഗന് നല്കിയ പന്ത് ഗാര്‍ഷ്യ സ്വീകരിക്കുന്നതിന് മുമ്പേ മൊണാക്കോ മുന്നേറ്റതാരം റാഞ്ചി. താരത്തെ ഫൗളാക്കിയ ഗാര്‍ഷ്യക്ക് ഉടന്‍ തന്നെ ചുവപ്പ് കിട്ടി.
മിനിറ്റുകള്‍ക്ക് ശേഷം 16-ാം മിനിറ്റില്‍ മൊണാക്കോ ലീഡെടുത്തു. മാഗ്നെസ് അക്ലിയൗച്ചേയാണ് വലകുലുക്കിയത്. 28-ാം മിനിറ്റില്‍ യുവതാരം ലമീന്‍ യമാലിലൂടെ ബാഴ്സ തിരിച്ചടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മൊണാക്കോ വീണ്ടും മുന്നിലെത്തി. 71-ാം മിനിറ്റില്‍ ജോര്‍ജ് ലെനിഖേനയാണ് ലക്ഷ്യം കണ്ടത്. പിന്നീട് ബാഴ്സയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.
മറ്റുമത്സരങ്ങളില്‍ അത്ലറ്റിക്കോ മഡ്രിഡ് ജര്‍മന്‍ ക്ലബ്ബ് ലെയ്പ്സിഗിനേയും ലെവര്കൂസന് ഫെയ്നൂര്‍ദിനേയും പരാജയപ്പെടുത്തി. അറ്റ്ലാന്റ-ആഴ്സണല്‍ മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിച്ചു.