പേരാമ്പ്ര: പോലീസ് വെടിവെച്ചുകൊന്ന തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജി (41) ജൂലായിൽ പേരാമ്പ്രയ്ക്കടുത്തുള്ള വെള്ളിയൂരും ഒളിവിടമാക്കി. ജൂലായ് അവസാനം തമിഴ്നാട് പോലീസ് പിന്തുടർന്ന് തൊട്ടടുത്തെത്തിയപ്പോൾ കഷ്ടിച്ച് ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകമടക്കം അൻപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ബാലാജി ബുധനാഴ്ചയാണ് ചെന്നെയിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ബാലാജി കൊല്ലപ്പെട്ടെന്ന വാർത്തകേട്ടപ്പോൾ ഇത്രയുംവലിയ കുറ്റവാളിയാണ് ഇവിടം ഒളിവിടമാക്കിയതെന്ന് ആശ്ചര്യപ്പെടുകയാണ് നാട്ടുകാർ. പോലീസിന് അഭിവാദ്യമർപ്പിച്ച് പുളിയോട്ടുമുക്ക് ഭാഗത്ത് വലിയപറമ്പ് യുവാക്കളുടെപേരിൽ ബാനറുകൾവരെ ഉയർത്തുകയും ചെയ്തു.
വെള്ളിയൂരിനും പുളിയോട്ടുമുക്കിനും ഇടയിലുള്ള വലിയപറമ്പ് പ്രദേശത്തെ ഇരുനില വാടകവീട്ടിലാണ് ഒരുമാസത്തോളം ഇയാൾ താമസമാക്കിയത്. കർക്കടകത്തിൽ ഉള്ളിയേരിയിൽ ആയുർവേദ ഉഴിച്ചിൽ നടത്താൻ എത്തിയതാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നതെന്ന് സമീപവാസിയായ സുരേഷ് കുമാർ പറഞ്ഞു. ഉഴിച്ചിലിനു പോയിട്ടുണ്ടോയെന്ന കാര്യവും നാട്ടുകാർക്കിപ്പോൾ സംശയമാണ്.
സാധാരണ ഉഴിച്ചിൽ നടത്താറുള്ള 14 ദിവസം കഴിഞ്ഞിട്ടും ബാലാജി തിരിച്ചുപോകാത്തതിനാൽ പലരുടെ മനസ്സിലും സംശയം ജനിച്ചിരുന്നു. സുരേഷ് കുമാർ തന്നെ ഒരിക്കൽ ഇക്കാര്യം തുറന്നുചോദിച്ചിരുന്നു. എന്നാൽ, വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ല.
നാട്ടിലെ കോഴിക്കടയിൽനിന്ന് ചിക്കൻ വാങ്ങിപ്പോകുന്നതും നാട്ടുകാർ കണ്ടിരുന്നതായി പറയുന്നുണ്ട്. ഉഴിച്ചിൽക്കാലത്ത് പഥ്യം പാലിക്കേണ്ടതിനാൽ ഇതും ചിലർക്ക് സംശയത്തിനിടയാക്കിയിരുന്നു. സമീപവാസിയായ ഒരാൾ പറഞ്ഞാണ് ബാലാജിക്ക് ഇവിടെ വാടകവീട് ലഭിക്കുന്നത്. അയാളുടെ പരിചയക്കാരനാണെന്നു പറഞ്ഞിരുന്നതിനാൽ അധികമാരും പിന്നാലെ അന്വേഷിച്ചുചെന്നില്ല. ജൂലായ് 27-ന് രാവിലെ തമിഴ്നാട് പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് താമസിച്ചത് ഒരു ക്രിമിനലാണെന്ന വിവരം നാട്ടുകാർ അറിയുന്നത്.
മൊബൈൽ ഫോൺ ലൊക്കേഷൻ തേടിയെത്തിയ, തോക്കുകളേന്തിയ പോലീസാകട്ടെ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു വാടകവീടാണ് വളഞ്ഞത്. ഒരു പോലീസുകാരൻ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ഭാര്യയോടാണ് ബാലാജി ഉണ്ടോയെന്ന് പോലീസ് തിരക്കുന്നത്. ഇല്ലെന്നു പറഞ്ഞ് വീടിന്റെ ഗ്രിൽ അടച്ച് അകത്തേക്കുപോകാൻ ശ്രമിക്കവെ രണ്ടുപേർ വീടിന്റെ പുറകിലേക്ക് തോക്കുമായിപ്പോയി. ഭയന്നുപോയ സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. സമീപത്ത് വീടിന്റെ വാർപ്പുപണി നടക്കുന്നതിനാൽ അവർ എത്തിയവരെ വളഞ്ഞുവെച്ചു. ഇതോടെ ബാലാജിയുടെ ചിത്രം കാണിച്ച് ഇയാളെ തേടിയെത്തിയതാണെന്ന വിവരം പോലീസ് തുറന്നുപറഞ്ഞു.
ഇക്കാര്യം ചോർന്നുകിട്ടിയ ബാലാജി താമസിച്ച വീട്ടിൽനിന്നും ഉടൻ കടന്നുകളഞ്ഞു. ഇതിനും ചിലരുടെ സഹായം ലഭിച്ചെന്നാണ് നാട്ടുകാർ സംശയിക്കുന്നത്.