സതാംപ്ടണ്: ഒരിക്കല്‍ കൂടി പവര്‍ ഹിറ്റിങ്ങിന്റെ ഉഗ്രമൂര്‍ത്തിയായി ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. സ്കോട്ട്ലന്‍ഡിനെതിരേ ഈയിടെ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും തുടര്‍ന്ന ഹെഡ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്റെ ഒരു ഓവറില്‍ അടിച്ചെടുത്തത് 30 റണ്‍സ്. ടി20 പരമ്പരയില്‍ സതാംപ്ടണില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു ഹെഡിന്റെ അഴിഞ്ഞാട്ടം. മത്സരത്തില്‍ ഓസീസ് 28 റണ്‍സിന്റെ ജയവും സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്തി.
സ്കോട്ട്ലന്‍ഡിനെതിരേ പവര്‍പ്ലേയിലെ റണ്‍നേട്ടത്തില്‍ റെക്കോഡിട്ട ഹെഡ്, സാം കറനെ അടിച്ചൊതുക്കിയതും പവര്‍പ്ലേയില്‍ തന്നെ. കറന് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഹെഡ് 30 റണ്‍സെടുത്തത്. 19 പന്തില്‍ 50 തികച്ച ഹെഡ്, മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട് നാല് സിക്സും എട്ട് ഫോറുമടക്കം 59 റണ്‍സെടുത്തു.
മാത്യു ഷോര്‍ട്ട് (26 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (27 പന്തില്‍ 37) എന്നിവരും തിളങ്ങി. 19.3 ഓവറില്‍ ഓസീസ് 179 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 19.2 ഓവറില്‍ 151 റണ്‍സിന് പുറത്താക്കിയാണ് ഓസീസ് 28 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്.
നേരത്തേ സ്കോട്ട്ലന്‍ഡിനെതിരായ പരമ്പരയ്ക്കിടെ ടി20-യില്‍ പവര്‍പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോഡ് ഓസീസ് സ്വന്തമാക്കിയത് ഹെഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലായിരുന്നു. പവര്‍പ്ലേയില്‍ 113 റണ്‍സാണ് അന്ന് ഓസീസ് അടിച്ചുകൂട്ടിയത്. പവര്‍പ്ലേയില്‍ വെറും 22 പന്തുകളില്‍ 73 റണ്‍സടിച്ച ഹെഡ്, പവര്‍പ്ലേയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.