പൂന്തുറ: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ പ്രകോപിതനായ ആൾ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലെടുത്ത് തലയിലടിച്ച് പരിക്കേൽപ്പിച്ചു.രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചാണ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിച്ചുവെന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു.