കഴിഞ്ഞ 33 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2023-ല്‍ ലോകത്തെ നദികള്‍ നേരിട്ടതെന്ന് യു.എന്‍. കാലാവസ്ഥാസംഘടനയായ ഡബ്ല്യു.എം.ഒ.യുടെ റിപ്പോര്‍ട്ട്. ആഗോളതാപനവും സമുദ്ര താപനില ഉയരുന്ന പ്രതിഭാസമായ എല്‍നിനോയും 2023-നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമാക്കിയിരുന്നു.
കഴിഞ്ഞകൊല്ലം ലോകത്തെമ്പാടുമുണ്ടായ കൊടുംവരള്‍ച്ചയില്‍ മിക്കനദികളും വറ്റിവരണ്ടു. പലരാജ്യങ്ങളിലെയും നദികളെ, ജലംനല്കി പോഷിപ്പിക്കുന്ന ഹിമാനികള്‍ക്ക് കഴിഞ്ഞഅഞ്ചുപതിറ്റാണ്ടുകൊണ്ട് ഏറ്റവുംവലിയ പിണ്ഡനഷ്ടമുണ്ടായി.
അതിവേഗം ഹിമാനികള്‍ ഉരുകുന്നത് ലക്ഷക്കണക്കിന് ആളുകളുടെ ദീര്‍ഘകാല ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോളതാപനം മഴയുടെ ചക്രത്തെ പ്രവചനാതീതമാക്കിക്കളഞ്ഞു.
ഒന്നുകില്‍ അതിതീവ്രമഴ, അല്ലെങ്കില്‍ മഴയേ ഇല്ലെന്ന അവസ്ഥയാണ്. ലോകത്ത് ഏകദേശം 360 കോടിപ്പേര്‍ വര്‍ഷത്തില്‍ ഒരുമാസമെങ്കിലും ജലക്ഷാമം നേരിടുന്നു. 2050-ഓടെ അത് 500 കോടിയാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.
യു.എസിന്റെ തെക്കുഭാഗങ്ങള്‍, മധ്യഅമേരിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ബ്രസീല്‍, പെറു, യുറഗ്വായ് എന്നിവിടങ്ങളില്‍ വ്യാപക വരള്‍ച്ചയുണ്ടായി. പെറു-ബൊളീവിയ അതിര്‍ത്തിയിലെ ആമസോണ്‍ നദിയിലും ടിറ്റിക്കാക തടാകത്തിലും ഏറ്റവുംകുറഞ്ഞ ജലനിരപ്പാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.