കല്പറ്റ: ആശുപത്രി ഐ.സി.യു.വിൽ മരവിച്ച മനസ്സോടെ ശ്രുതി, ജെൻസണെ അവസാനമായി കണ്ടു. ഉയിരായിരുന്നവൻ, പ്രതീക്ഷയുടെ അവസാനനാളം-അതും അണയുകയാണെന്ന നിനവിൽ അവൾ ജെൻസന്റെ കൈയിൽ മുറുകെപ്പിടിച്ചു, തനിച്ചാക്കരുതെന്ന പ്രാർഥനയോടെ.
പതിയേ മരണത്തിന്റെ തണുപ്പ് തൊട്ടറിഞ്ഞതോടെ കണ്ണുകൾ നിറഞ്ഞു, കരച്ചിലുയർന്നതോടെ ഡോക്ടർമാർ മയങ്ങാൻ മരുന്ന് കുത്തിവെച്ചു. പിന്നെ ചുറ്റുമുണ്ടായിരുന്നവർ കൈ വിടുവിച്ചു, ജെൻസൺ എന്നെന്നേക്കുമായി മടങ്ങി.
അപകടത്തിൽ പരിക്കേറ്റ ശ്രുതി ചികിത്സയിൽക്കഴിയുന്ന കല്പറ്റ ലിയോ ആശുപത്രി ഹൃദയഭേദകമായ കാഴ്ചകൾക്കാണ് വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത്. ശ്രുതിക്ക് അവസാനമായി കാണാൻ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജെൻസന്റെ ചേതനയറ്റ ദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശ്രുതിയെ സ്ട്രച്ചറിൽ കാഷ്വാലിറ്റിയോടുചേർന്ന ഐ.സി.യു.വിലെത്തിച്ചു. സ്ട്രച്ചറിന് സമീപമിറക്കിയ ശവമഞ്ചത്തിൽ, പ്രിയസഖിയുടെ തോരാക്കണ്ണീർ കാണാതെ ജെൻസൺ അന്ത്യനിദ്രയിലായിരുന്നു.
ബുധനാഴ്ച രാത്രി മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെത്തിയും ശ്രുതി, ജെൻസണെ കണ്ടിരുന്നു.
ഇതൊക്കെ കാണുന്നില്ലേ…
‘‘ദൈവമേയെന്ന് വിളിക്കാതിരുന്നിട്ടില്ല. പക്ഷേ, ഇതൊക്കെ കാണുന്നില്ലേ’’ -ആവർത്തിക്കുന്ന ദുരന്തങ്ങളുടെ ആഘാതത്തിൽ ആകെ തകർന്ന ശ്രുതിയുടെ ബന്ധു അനിത കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു.
ശിവണ്ണ, സിദ്ദരാജ്, ഗുരുമല്ലൻ എന്നീ മൂന്നുസഹോദരന്മാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഒമ്പതുപേരെയാണ് ഉരുൾപൊട്ടലിൽ ഇവർക്ക് നഷ്ടമായത്. സഹോദരങ്ങളുടെ മക്കളായ ശ്രുതിയും ലാവണ്യയും അനൂപും അരുണുംമാത്രം രക്ഷപ്പെട്ടു. ദുരന്തത്തിലും പിന്നീടെപ്പോഴും ശ്രുതിക്കും കുടുംബത്തിനും കരുതലായി ജെൻസണുണ്ടായിരുന്നു.
മരിച്ചവരുടെ 41-ാം ദിവസത്തെ ചടങ്ങുകൾക്കായി ഒത്തുകൂടിയതായിരുന്നു കുടുംബം. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ജെൻസൺ ഇനിയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയും അവർക്കായിട്ടില്ല. അപകടത്തിൽ പരിക്കേറ്റ അനൂപും അനിൽകുമാറും ആര്യയും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജെൻസണ് അന്ത്യചുംബനം നൽകിയത്. ഗുരുതരമായി പരിക്കേറ്റ ശ്രുതിയും രത്തിനിയമ്മയും ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വേദനയോടെ താരങ്ങൾ
കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ അനാഥയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന് സാമൂഹികമാധ്യമത്തിലൂടെ ആദരാഞ്ജലിയർപ്പിച്ച് പ്രമുഖ സിനിമാതാരങ്ങൾ.
’ജെൻസന്റെ വിയോഗം വലിയ ദുഃഖമുണ്ടാക്കുന്നു. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലുമപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’ എന്നാണ് മമ്മൂട്ടി കുറിച്ചത്.
’ഒരുവാക്കിനും ഉൾക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെൺകുട്ടിയുടെ കണ്ണീർ. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൻ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോൾ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു. ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ… അവളെ ഏറ്റെടുക്കട്ടെ.’- മഞ്ജുവാരിയരുടെ ഓർമ്മക്കുറിപ്പ് ഇങ്ങനെ. ‘കാലമുള്ളിടത്തോളം നീ ഓർമ്മിക്കപ്പെടും’ എന്നായിരുന്നു ഫഹദ് ഫാസിലിന്റെ വാക്കുകൾ.