ദേശീയരാഷ്ട്രീയത്തില്‍ ഇടതുപാര്‍ട്ടിയുടെ കരുത്തനായ വക്താവ്, മികച്ച വാഗ്മി, ചിന്തകന്‍, മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഭരണത്തിന് ശേഷം തകര്ച്ചയിലേക്കാണ്ടുപോയ ബംഗാളിലെ ഇടതുകോട്ടയ്ക്ക് താങ്ങും തണലുമായ നേതാവ്. ഇടതുചേരിയിലെ സൗമ്യമുഖം.. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടപറഞ്ഞിരിക്കുന്നു.
1952 ആഗസ്ത് 12ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന് സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ സാമൂഹികപ്രവര്‍ത്തകയായിരുന്ന കല്‍പ്പാക്കം യെച്ചൂരി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എന്‍.യു ക്യാമ്പസിലേക്ക്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്ന യെച്ചൂരിയെ ബൗദ്ധികതലത്തിലേക്കുയര്ത്തിയത് ജെഎന്‍യു ജീവിതമായിരുന്നു. അഖിലേന്ത്യാ നേതാവായി പേരെടുത്തകാലത്ത് തന്നെയായിരുന്നു യെച്ചൂരി ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റായതും.ജെ.എന്‍.യുവില്‍ മൂന്നുവട്ടം പ്രസിഡന്റായ ഒരേയൊരു നേതാവേയുള്ളൂ. സീതാറാം യെച്ചൂരി. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റിയപ്പോള്‍ അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയായിരുന്നു യെച്ചൂരി. ബസവ പുന്നയ്യയായിരുന്നു യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിയതും. ഇ.എം.എസ്സാകട്ടെ യെച്ചൂരിയെ സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തി
പടിപടിയായി ഉയര്‍ന്ന് രാജ്യം ശ്രദ്ധിക്കുന്ന ശബ്ദമായും മികച്ച പാര്‍ലമെന്റേറിയനായും പേരെടുത്ത യെച്ചൂരി 2015 ലാണ് പാര്‍ട്ടിയുടെ അമരത്തെത്തുന്നത്. 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും പാര്‍ട്ടി തിരഞ്ഞെടുത്തത്. 1992 മുതല്‍ പി.ബി അംഗമാണ്. 2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കമ്യൂണിസ്റ്റ് ധാരയിലെ പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന യെച്ചൂരിയായിരുന്നു ഒന്നാം യുപിഎ സര്‍ക്കാരില്‍ പലപ്പോഴും കോണ്‍ഗ്രസും-സിപിഎമ്മുമായുള്ള പാലമായി പ്രവര്‍ത്തിച്ചത്.ദേശീയ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് പ്രതിപക്ഷത്തെ ശക്തമായ സാന്നിധ്യമായ യെച്ചൂരിയുടെ വിയോ?ഗം തീരാ നഷ്ടമാണ്.