കൊച്ചി: സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയില്‍ മുന്‍വിധിയുണ്ടാക്കാനാണ് സിദ്ധിഖിന്റെ ശ്രമമെന്ന് അതിജീവിതയ്ക്കായി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് അഡ്വ. ഹരീഷ് വാസുദേവന്‍. ഇതിനായാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യൂ.സി.സി.) ‘അമ്മ’ സംഘടനയും തമ്മിലുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്ന വാദം അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അമ്മ സംഘടനയും വുമണ്‍ ഇന്‍ സിനിമ കളക്ടീവും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സിദ്ദീഖ് ആരോപിച്ചിരിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പോലീസ് തന്നെ പ്രതിയാക്കിയത്. പരാതി നല്‍കിയതിനും കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്.
‘ഫാക്ടില്‍നിന്ന് മാറി കേസ് കേള്‍ക്കുന്ന ജഡ്ജിയില്‍ കൃത്യമായ മുന്വിധിയുണ്ടാക്കലാണ് ഒരു പ്രതിഭാഗം അഭിഭാഷകന്റെ ജോലി. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഡബ്ല്യൂസിസി – അമ്മ പോരാണ് എല്ലാത്തിനും കാരണമെന്ന സിദ്ദീഖിന്റെ വാദം അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്. ഇതിനേതിരേ ശക്തമായ വാദമുഖങ്ങള്‍ സുപ്രീംകോടതിയില്‍ ഉയര്‍ത്തേണ്ടിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് കോടതി പരിഗണിക്കുന്നത്. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരേ കേസുണ്ടോയെന്നും കസ്റ്റഡിയില്‍ കൊടുത്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടോയെന്നും. ഹൈക്കോടതി ഇതുരണ്ടും പോസിറ്റീവായാണ് കണ്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ പ്രതിക്കെതിരേ കേസുണ്ടെന്നും ജാമ്യം അനുവദിച്ചു കഴിഞ്ഞാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. അത്തരമൊരു നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍ മാത്രമേ പരാതിക്കാരിക്ക് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയുള്ളൂ.’ – ഹരീഷ് വാസുദേവന്‍ പറഞ്ഞു.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്കി. 65 വയസുള്ള സീനിയര്‍ സിറ്റിസണ്‍ ആണെന്നും പേരക്കുട്ടി ഉള്‍പ്പടെയുള്ള കുടുംബത്തിലെ അംഗമാണ് സിദ്ദിഖ് എന്നും വ്യക്തമാക്കിയാണ് കത്ത് നല്‍കിയത്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പല അവാര്‍ഡുകളും, അംഗീകാരങ്ങളും നേടിയിട്ടുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നോ, തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ടെന്നും സിദ്ദിഖിന്റെ അഭിഭാഷക സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തിരുന്നു. സര്‍ക്കാരിനുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ഹാജരാകും. കൂടാതെ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കെതിരേ പരാതിക്കാരിയും കക്ഷിചേരും. തന്റെ ഭാഗംകൂടി കേള്‍ക്കാതെ ഇടക്കാല ജാമ്യപേക്ഷയില് തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.
അതേസമയം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദീഖ് ഒളിവില്‍ പോയിരിക്കുകയാണ്. തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസും ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.