കൊച്ചി: സിനിമാ പ്രൊഡക്ഷന്‍ കണ്ട്രോളര് തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഹോട്ടല്‍ ജീവനക്കാരന് മുറി ഒഴിയുന്ന കാര്യം തിരക്കാനെത്തിയപ്പോഴാണ് ശൗചാലയത്തില്‍ വീണുകിടക്കുന്നത് കണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഫ്ലാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സംവിധായകനില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. 10 ദിവസമായി ഷാനു ഹോട്ടലില്‍ താമസിച്ചു വരുകയായിരുന്നു. സുഹൃത്തുക്കളുടെ പേരിലാണ് മുറിയെടുത്തിരുന്നത്.
അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.