കാസർകോട്: രോഗികളെവിടെയുമായിക്കോട്ടെ ഒരൊറ്റ വിളിയിൽ സഹായഹസ്തവുമായി കാക്കിയണിഞ്ഞ ആ കൈകളെത്തും. മരുന്നില്ലാത്തവർക്ക് മരുന്നായും ആശയറ്റവർക്ക് ആശ്രയമായും. ജീവകാരുണ്യരംഗത്ത് അനുകരണീയ മാതൃക തീർക്കുന്ന കാസർകോട് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ പോലീസുകാരന്റെ പേരാണ് ടി.സി.ഖലീഫ ഉദിനൂർ.
ഇതേക്കുറിച്ച് ചോദിച്ചാൽ ‘പിതാവ് പരേതനായ എ.കെ.അഹമ്മദ് നയിച്ച വഴിയിലൂടെ പോകുന്നൊരു പിൻഗാമി മാത്രമാണ് താനെന്നാണ്’ അദ്ദേഹത്തിന്റെ വിശദീകരണം.
14 വർഷമായി പോലീസ് സേനയിലെത്തിയിട്ട്. അതിനുമുൻപും തന്നാലാകുന്ന സഹായങ്ങൾ പാവപ്പെട്ടവർക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സേനയിലെത്തിയപ്പോൾ സഹായത്തിനായി കൈകൂപ്പുന്ന കൂടുതൽപ്പേരെ അറിയാൻ കഴിഞ്ഞു. അന്വേഷിച്ച് അർഹരാണെന്ന് കണ്ടെത്തി അവരുടെ കണ്ണീരിന് കൈത്താങ്ങാകാൻ ശ്രമിച്ചുവെന്നു മാത്രം -അദ്ദേഹം പറയുന്നു.
രക്തം, മരുന്ന്, ചികിത്സാസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട സഹായാഭ്യർഥനയുമാണ് ഇദ്ദേഹത്തിന് ദിവസേന ലഭിക്കുന്ന സന്ദേശങ്ങൾ. ഇവയോരോന്നും സാമൂഹിക മാധ്യമം വഴിയും സമാന മനസ്കരടങ്ങിയ ഗ്രൂപ്പ് വഴിയും പ്രചാരണം നടത്തിയും സുമനസ്സുകളോട് ബന്ധപ്പെട്ടും സഹായമെത്തിക്കും. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ 80 ലക്ഷം രൂപയോളമാണ് പാവപ്പെട്ട രോഗികൾക്കുവേണ്ടി ചികിത്സാ സഹായമായി ലഭ്യമാക്കിയത്.
അതിരുകൾ കൊട്ടിയടയ്ക്കപ്പെട്ട കോവിഡ് കാലത്തും രാപകൽ ഭേദമില്ലാതെ ഹോങ്കോങ്, ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചു നൽകിയിരുന്നു. പോലീസ് സംവിധാനവും സൗഹൃദവും ഉപയോഗിച്ച് ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് യഥാസമയം മരുന്നുകളെത്തിക്കാനും നേതൃത്വം നൽകിയിട്ടുണ്ട്.
കോവിഡ് കാലത്ത് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൺ റൈറ്റ്സ് ആൻഡ് സോഷ്യൽ വെൽഫേർ ഫോറം 2021-ൽ മികച്ച പോലീസ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തിരുന്നു. കാരുണ്യപ്രവർത്തനം നടത്തുന്ന രാജ്യത്തെ സായുധസേനാ ഉദ്യോഗസ്ഥർക്ക് നൽകുന്ന ഗാലന്റ് വാരിയർ പുരസ്കാരത്തി ഇത്തവണ ഇദ്ദേഹം അർഹനായിരുന്നു. ദേശീയ മനുഷ്യാവകാശ വെൽഫേർ ഫോറത്തിന്റെ ശ്രേഷ്ഠ മാനവസേവ പുരസ്കാരം, കോവിഡ് കാലത്തെ സന്നദ്ധ സേവനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രം എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്.
സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അനുമോദനവും ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്