ബെംഗളൂരു: ഉള്‍ക്കരുത്തും പോരാടാനുള്ള മനസ്സും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയം വഴിയേ വരുമെന്നത് കാണിച്ചുതരുകയാണ് ശാലിനി സരസ്വതിയെന്ന ഈ നാല്‍പ്പത്തിയഞ്ചുകാരി. അപൂര്‍വരോഗം വന്ന് കൈകാലുകള്‍ നഷ്ടമായിട്ടും കൃത്രിമക്കാലില്‍(ബ്ലേഡ്) ഓടി പുതിയസമയം കുറിക്കുന്ന ഈ കൊല്ലം സ്വദേശിനി ഇപ്പോള്‍ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പാരാഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തിലും കരുത്തുകാട്ടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.
2012-ലെ രോഗബാധയാണ് ബെംഗളൂരുവിലെ പ്രമുഖ കമ്പനി ബയോണിക്സ് ഇന്ത്യയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറായ ശാലിനിയുടെ ജീവിതം മാറ്റിമറിച്ചത്. നാലാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയുമൊത്ത് കംബോഡിയയില്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അണുബാധയുടെ രൂപത്തിലായിരുന്നു തുടക്കം. അപൂര്‍വമായ റിക്കെറ്റ്സിയല്‍ ബാക്ടീരിയ കൈകാലുകളെ ബാധിച്ചു. ദിവസങ്ങളോളം അബോധാവസ്ഥയില്‍. രോഗം മാറാത്തതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചുമാറ്റി. ഇതിനിടെ അവര്‍ക്ക് ഗര്‍ഭസ്ഥശിശുവിനെയും നഷ്ടമായി.
സന്തോഷകരമായ ജീവിതത്തിനിടെ നേരിട്ട തിരിച്ചടിയില്‍ തളര്ന്നിരിക്കാന് പക്ഷേ, ബഹുരാഷ്ട്രകമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന അവര്‍ ഒരുക്കമായിരുന്നില്ല. കൃത്രിമക്കാലുകളില്‍ എഴുന്നേറ്റുനിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. ആദ്യം മെല്ലെ നടക്കാനും പിന്നെ ഓടാനും പഠിച്ചു. ചിട്ടയോടെയുള്ള പരിശീലനം അവരെ ഓട്ടക്കാരിയാക്കി. 2016-ല്‍ ബെംഗളൂരുവില്‍നടന്ന ടി.സി.എസ്. മാരത്തണിലായിരുന്നു ആദ്യം പങ്കെടുത്തത്. പത്തുകിലോമീറ്റര്‍ ഓടി ഏവരെയും അമ്പരപ്പിച്ചു. അങ്ങനെ കായികപാരമ്പര്യമില്ലാത്ത കുടുംബത്തില്‍നിന്നുള്ള ശാലിനി കായികതാരമായി.
പിന്നീട് ദുബായില്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ ആത്മവിശ്വാസത്തോടെ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍നടന്ന രാജ്യാന്തര ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ വനിതകളുടെ പ്രത്യേകവിഭാഗത്തില്‍ നൂറുമീറ്റര്‍ ഓട്ടത്തില്‍ ഏഷ്യന്‍ റെക്കോഡോടെ വിജയിയായി. ടി.62 വിഭാഗത്തില്‍ ഏറ്റവുംകുറഞ്ഞ സമയത്തിലാണ് (18.04 സെക്കന്‍ഡ്) ഓടിയെത്തിയത്. കഴിഞ്ഞവര്‍ഷം ചൈനയില്‍നടന്ന ഏഷ്യന്‍ പാരാഗെയിംസിലും സാന്നിധ്യമറിയിച്ചു. പരിചയപ്പെടുന്നവര്‍ക്ക് പ്രചോദനത്തിന്റെ ഊര്‍ജമാണ് ഇന്നവര്‍. ബഹുരാഷ്ട്രകമ്പനികളിലുള്പ്പെടെ പ്രചോദന ക്ലാസുകളും നയിക്കുന്നു.