പാലക്കാട്: ആനയുടമസ്ഥന്‍ നല്കുന്ന സാക്ഷ്യപത്രവുമായി ഒറ്റദിവസത്തെ പരിശീലന കോഴ്സില്‍ പങ്കെടുത്താല്‍ ആനപാപ്പാന്മാര്ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാര്‍. വനംവകുപ്പിന്റെ സാമൂഹിക വനവത്കരണവിഭാഗം നടത്തുന്ന കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്കാണ് പാപ്പാന്മാരാവുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പാപ്പാന്മാര്ക്കായുള്ള ഏകദിന കോഴ്സ് നടക്കാനിരിക്കേ മൃഗാവകാശസംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് ജില്ലയിലെ കോഴ്സ് ഒലവക്കോട് വനം ഡിവിഷന് ആസ്ഥാനത്ത് 22-നും തൃശ്ശൂരിലേത് 23-നും നടത്തുമെന്നാണ് അറിയിപ്പ്. ശാസ്ത്രീയപരിശീലനം ലഭിച്ചെന്ന് ഉറപ്പാക്കാതെ ആനകളെ നിയന്ത്രിക്കുന്നതിനുള്ള യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആനയ്ക്കുപുറമേ പാപ്പാന്മാര്ക്കും ജനങ്ങള്‍ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പിന് പരാതി നല്കി.
ആനപാപ്പാന് യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു വനംവകുപ്പ് വ്യക്തമായ മാനദണ്ഡമിറക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും ചെയ്യണമെന്നാണ് ആവശ്യം.
നിലവില്‍ ആനകളുടെ കൈവശക്കാര്‍ക്കും പാപ്പാനായി പരിചയസമ്പത്തുണ്ടെന്നു നിശ്ചിതഫോറത്തില്‍ സാക്ഷ്യപത്രം നല്കുന്നവര്ക്കും കോഴ്സില്‍ പങ്കെടുക്കാമെന്നാണു വ്യവസ്ഥ. ഇതുകൂടാതെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായെത്തി രജിസ്റ്റര്‍ ചെയ്യുകയും വേണം.
2003-ലെ നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥപ്രകാരം ആനയെ പരിപാലിക്കുന്നവര്‍ക്ക് വനംവകുപ്പിന്റെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡപ്രകാരം അഞ്ചുവര്‍ഷം ആനപരിപാലനരംഗത്തുള്ളവര്ക്കു മാത്രമേ പാപ്പാന്മാര്ക്കുള്ള കോഴ്സില്‍ പങ്കെടുക്കാനാവൂ. കോട്ടൂര്‍, കോടനാട്, കോന്നി എന്നീ നാട്ടാന പരിശീലനകേന്ദ്രങ്ങളില്‍ മൂന്നുവര്‍ഷം ആനപരിപാലനരംഗത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഇക്കാലയളവില്‍ ആറുദിവസം വീതമുള്ള മൂന്നു പരിശീലനപരിപാടികളില്‍ പങ്കെടുത്തിരിക്കണം.
ഏകദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്ന വിവരം ആനയുടമസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ സാക്ഷ്യപത്രം അടിസ്ഥാനമാക്കിയാണ് പ്രവേശനമെന്നും വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗം അധികൃതര്‍ പറഞ്ഞു.
പാപ്പാന്മാരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്കു സര്‍ക്കാരിലും ദേവസ്വം ബോര്‍ഡുകളിലും ഒഴിവു വരുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാനുമാവും. പാപ്പാന്മാര്ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്.