വടക്കാഞ്ചേരി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ഹംദാൻ മെഹബൂബിന് കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റവലില്‍ (റിമംബര്‍ ദ ഫ്യൂച്ചര്‍) പുരസ്കാരം. മികച്ച ബാലതാരത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. അവാർഡ് ചിത്രം സംവിധാനംചെയ്തതും തിരക്കഥ നിർവഹിച്ചതും മെഹബൂബ് വടക്കാഞ്ചേരിയാണ്.
ദുബായിൽ കസ്റ്റംസിൽ അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻകൂടിയായ മെഹബൂബിന്റെ മകനാണ് ഹംദാൻ. ഫാത്തിമയാണ് മാതാവ്.
‘70 റുപ്പീസ്’ എന്ന ഹ്രസ്വചിത്രമാണ് ഫ്രാൻസിൽ നടന്ന ഫെസ്റ്റിവലിൽ ഇടംനേടിയത്. വർണവിവേചനമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രങ്ങൾ നിർമിച്ച യു.എ.ഇ. സ്വദേശി ഖാലിദ് അൽസറൂണിയാണ് ചിത്രം നിർമിച്ചത്. മെഹബൂബിന്റെ എട്ടാമത്തെ ചിത്രമാണ് ‘70 റുപ്പീസ്’. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് അമീർ അമിയാണ്. ഹംദാനാണ് പ്രധാന കഥാപാത്രം. പ്രദർശിപ്പിച്ച ഇടങ്ങളിലെല്ലാം മികച്ച അഭിപ്രായവും ചിത്രം നേടി.
നിസാദിക് അലി, ഷാജിതാ രാംലാൽ, നസീർ സീനാലയം, അമൽ ഫാത്തിമ, ശ്രീകുമാർ പുഴങ്കര, അമീർബാബു, അഹ്ലം ഫാത്തിമ, ഷെഫീക്ക്, അഞ്ജലി ശ്രീകുമാർ, മുസ്തഫ ഷംസുദ്ധീൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
നസീർ സീനാലയമാണ് കലാസംവിധാനം. വടക്കാഞ്ചേരി നഗരസഭ ബസ്സ്റ്റാൻഡ്, കൊടുമ്പ്, ഓട്ടുപാറ ഭാഗങ്ങളിലായിരുന്നു ഷൂട്ടിങ്. ഈ ഹ്രസ്വചിത്രം ഓണത്തിന് മെഹബൂബ് വടക്കാഞ്ചേരി എന്ന യൂട്യൂബ് പേജിൽ റിലീസ് ചെയ്യും.