പത്തനംതിട്ട: ഫോൺ ചോർത്തിയെന്ന പി.വി. അൻവർ എം.എൽ.എ.യുടെ അവകാശവാദം ശരിയെങ്കിൽ അതെങ്ങനെ സാധിച്ചു എന്ന ചോദ്യം പ്രസക്തം. ഡി.ഐ.ജി. റാങ്കിൽ കുറയാത്ത ഒരാൾക്കും കൃത്യമായ കാരണമില്ലാതെ ഫോൺ ചോർത്താൻ ആവശ്യപ്പെടാൻപോലും കഴിയില്ല.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെൻട്രലൈസ്ഡ് മോണിട്ടറിങ് സിസ്റ്റമാണ് (സി.എം.എസ്.) നിയമപരമായി ഫോൺ ചോർത്താൻ രാജ്യത്ത് നിലവിലുള്ള സംവിധാനം.
2013-ലാണ് സി.എം.എസ്. പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. ഇതിനായി രാജ്യത്തെ ടെലികോം സർക്കിളുകളിൽ സെർവറുകൾ സ്ഥാപിച്ചിട്ടുണ്ട്. കേരളവും ലക്ഷദ്വീപുമടങ്ങുന്ന സർക്കിളിന്റെ സെർവർ കൊച്ചിയിലെ പനമ്പള്ളി നഗറിലാണ്.
സി.എം.എസിന് മുമ്പ്
സി.എം.എസ്. വരുന്നതിനുമുമ്പ് പോലീസിന്, കുറ്റാന്വേഷണത്തിന്റെ ഭാഗമായി ഫോൺ ചോർത്തുകയെന്നത് ശ്രമകരമായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയം അനുമതി നൽകിയിരുന്നത്. ഓരോ സേവനദാതാക്കളുടെയും രാജ്യത്തെ എല്ലാ സർക്കിളുകളിലേയും ലോ എൻഫോഴ്സമെന്റ് ഏജൻസികൾക്ക് പോലീസ് ഇതുസംബന്ധിച്ച് കത്ത് നൽകണമായിരുന്നു.
സേവനദാതാക്കളാണ് ഫോൺ ചോർത്തി ആവശ്യപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നത്. അതിനാൽ, കേന്ദ്രസർക്കാരിന് പുറത്തുള്ള ഏജൻസിയിലെ ജീവനക്കാർ ഫോൺസംഭാഷണം കൈകാര്യംചെയ്യുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതുകൊണ്ടാണ് കേന്ദ്രീകൃത സംവിധാനം കൊണ്ടുവന്നത്.
സി.എം.എസിലൂടെ ചോർത്തുന്ന വിധം
സി.എം.എസ്. നിലവിൽവന്നപ്പോൾ, ഓരോ സേവനദാതാക്കളുടേയും സർക്കിളുകളിലേക്ക് കത്ത് അയയ്ക്കുന്ന രീതി നിലച്ചു. ചോർത്തുന്ന ജോലി സേവനദാതാക്കളിൽനിന്ന് ടെലികോം മന്ത്രാലയത്തിലേക്കും മാറി. ഫോൺ ചോർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇടങ്ങളിലേക്ക് അപേക്ഷ നൽകുന്നതിനുപകരം പോലീസിന് സി.എം.എസിലേക്ക് മാത്രം ഇത് നൽകിയാൽ മതി എന്നായി. സി.എം.എസിന്റേതായി രാജ്യത്തുള്ള എല്ലാ സർക്കിളുകളിലേക്കും ഫോൺ ചോർത്താനുള്ള സന്ദേശം പോകും. 60 ദിവസത്തെ സംഭാഷണങ്ങളാണ് ചോർത്തുക. ചോർത്തിയവ ആഭ്യന്തരവകുപ്പിന് കൈമാറും.
ഫോൺ ചോർത്താൻ അധികാരമുള്ളത്
സംസ്ഥാന പോലീസ്, റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ), എൻ.ഐ.എ., സി.ബി.ഐ., നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഇ.ഡി., ഡയറക്ടറേറ്റ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, പ്രതിരോധ വകുപ്പിലെ സിഗ്നൽ ഇന്റലിജൻസ് എന്നിവയ്ക്കാണ് നിയമപരമായി ഫോൺ ചോർത്തണമെന്ന് ആവശ്യപ്പെടാൻ അധികാരമുള്ളത്.