ലിസ്ബണ്‍: ചരിത്രം, ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്‍ 899 ഗോളുണ്ടായിരുന്നു.
ക്രൊയേഷ്യന്‍ വലയില്‍ പന്തെത്തിച്ചതോടെ ചരിത്രനേട്ടത്തിലെത്തി. ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്.
ക്ലബ്ബ് കരിയറില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ (അഞ്ച് ഗോള്‍), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (172), റയല്‍ മഡ്രിഡ് (450), യുവന്റസ് (101),അല്‍ നസ്ര് (68) എന്നിങ്ങനെയാണ് ഗോള്‍ കണക്ക്. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയത്. അതിനുശേഷം ഗോളുകളുടെയും വിജയങ്ങളുടെയും പരമ്പര നേടി. 39-ാം വയസിലും ഗോള്‍ദാഹത്തോടെ കളി തുടരുന്നു.