തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഏവരേയും ഞെട്ടിച്ച ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരായ പീഡനപരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് നിവിൻ പോളി ആവശ്യപ്പെട്ടു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു.
പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിൻ ഡിജിപിക്ക് പരാതി ഇ-മെയിൽ മുഖേന അയച്ചിരുന്നു.