മലപ്പുറം: മലപ്പുറം തിരുവാലിയിലെ 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പ്രഖ്യാപിച്ചു.
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍
1. പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല.
2. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാല്, പത്രം, പച്ചക്കറി എന്നിവയ്ക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാം). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
3. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാൻ പാടില്ല.
4. സ്കൂളുകള്‍, കോളേജുകള്‍, മദ്രസ്സകള്‍ അംഗനവാടികള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.
മലപ്പുറം ജില്ലയിലെ പൊതുനിയന്ത്രണങ്ങള്‍
1. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം.
2. പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
3. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്കൂള്‍ പ്രവൃത്തിസമയങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
5. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുമ്പോൾ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം.
6. പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ മുതലായവ കടിച്ചതോ ഫലവൃക്ഷങ്ങളില്‍നിന്ന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്. പഴം, പച്ചക്കറി എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
7. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടുക. പകരുന്ന സാഹചര്യമുണ്ടായാല്‍ 0483-2732010, 0483-2732050 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കണം.