തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന് സി.പി.എമ്മില്‍ അഭിപ്രായം. പുതിയ സിനിമാ നയം വരുമ്പോള്‍ ആദ്യന്തം സര്‍ക്കാരിന്റെ നോട്ടം വേണ്ടി വരുന്ന തരത്തില്‍ പൊളിച്ചെഴുത്ത് കൊണ്ടുവരണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. ഇത് അനുസരിച്ചുള്ള നയരൂപവത്കരണത്തിന് സി.പി.എം. സര്‍ക്കാരിനോട് നിര്‍ദേശിക്കും. ഭരിക്കുന്ന മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ നയത്തില്‍ ഇടം പിടിക്കും. അതേസമയം നയരൂപവത്കരണത്തില്‍ പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള മാറ്റത്തിന് തയ്യാറെടുക്കാനാണ് നീക്കം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നീക്കം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം. ഇതിനായി വേണമെങ്കില്‍ നിയമനിര്‍മാണവും കൊണ്ടുവരും. നിലവില്‍ സംസ്ഥാനത്ത് സിനിമാ വ്യവസായത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി സര്‍ക്കാരിന് ധാരണകള്‍ വളരെ കുറവാണ്. ഒരു സിനിമാ ചിത്രീകരണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത് ചിത്രീകരണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇടങ്ങളില്‍ ചിത്രീകരണത്തിന് അനുവാദം ചോദിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ അല്ലാത്ത സിനിമയുടെ ചിത്രീകരണങ്ങളും നടക്കുന്നുണ്ട്.
ഇവയില്‍ പലതും മുടങ്ങിപ്പോവുകയാണ് പതിവ്. പൂര്‍ത്തീകരിച്ച സിനിമകള്‍ സെന്‍സറിങ്ങിന് സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് ഇത്തരമൊരു സിനിമാ ചിത്രീകരണം നടന്നുവെന്ന് സര്‍ക്കാരിന് രേഖാമൂലമുള്ള അറിവ് കിട്ടുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇരുട്ടത്ത് നിര്‍ത്തുന്ന രീതി ഇനി പറ്റില്ല എന്നാണ് സി.പി.എം. കരുതുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടക്കുന്ന സി.പി.എം. സെക്രട്ടേറിയേറ്റിലും സംസ്ഥാന സമിതി യോഗത്തിലും ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
സിനിമാ ചിത്രീകരിക്കുന്നതിന് മുന്‍പ് അതിനെ കുറിച്ച് ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നില്‍ സിനിമയെപ്പറ്റി ഒരു ഏകദേശ രൂപം സമര്‍പ്പിക്കേണ്ടി വരും. ആരൊക്കെയാണ് നടീനടന്മാര്, എത്ര ആളുകള്‍ ഇതില്‍ പങ്കാളികളാകുന്നുണ്ട്, എത്ര ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും, വേതനം, ഏതൊക്കെ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുന്നത്, ചിത്രീകരണ സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാകും നല്‍കേണ്ടി വരിക.
സിനിമയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലോ കഥയിലെ ബജറ്റിലോ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ ചെയ്താല്‍ സിനിമ ഇടയ്ക്ക് മുടങ്ങി പോയാല്‍ അതില്‍ ആര്‍ക്കെങ്കിലും വേതനം കിട്ടാതെ വരികയോ ആര്‍ക്കെങ്കിലും ശാരീരിക- മാനസിക- ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ അത് പരിഹരിക്കാന്‍ വേഗത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്ന തരത്തിലുള്ള നയരൂപവത്കരണമാണ് വരാന്‍ പോകുന്നത്.
നിലവില്‍ സിനിമാ നയരൂപവത്കരണത്തിനുള്ള കരട് തയ്യാറാക്കാന്‍ നിയോഗിച്ച പത്ത് അംഗ സമിതി സര്‍ക്കാര്‍ പിരിച്ച് വിട്ടേക്കുമെന്നാണ് സൂചന. ഇതിന് പകരം ആരോപണ വിധേയരെ ഒഴിവാക്കി സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം സംസ്ഥാന സമിതി യോഗത്തിലും സെക്രട്ടേറിയേറ്റ് യോഗത്തിലും പരിശോധിക്കും. ചലച്ചിത്ര അക്കാദമിക്കോ അല്ലെങ്കില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷനോ ആകും സിനിമാ നയത്തില്‍ പ്രധാന കേന്ദ്രമാകുകയെന്നാണ് വിവരം. ചലച്ചിത്ര അക്കാമദമിക്കാണ് നിലവില്‍ ഐ.എഫ്.എഫ്.കെയുടെ ചുമതല. ഇതിനൊപ്പം ചിലപ്പോള്‍ സിനിമാ ചിത്രീകരണത്തിനു മുമ്പുള്ള അനുമതി നല്കുന്ന അതോറിറ്റി അക്കാദമി ആയേക്കുമെന്നും സൂചനകളുണ്ട്.
സമഗ്രമായ ഒരു സിനിമാ നയരൂപവത്കരണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം വരാന്‍ പോകുന്ന നയം മലയാള സിനിമയില്‍ മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ചിത്രീകരിക്കുന്ന അന്യഭാഷ ചിത്രങ്ങളുടെ കാര്യത്തില്‍ എന്ത് നയമാകും വരിക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. അന്തിമ നയം വരുമ്പോള്‍ ഇതിലെല്ലാം വ്യക്തത വരുമെന്നാണ് കരുതുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നുവിട്ട വിവാദങ്ങള്‍ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മാര്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ പല പദ്ധതികളിലും ബ്രാന്‍ഡ് അംബാസിഡര്‍മാരായി മലയാള അഭിനേതാക്കളാണ് ഉള്ളത്. ഇതില്‍ മാറ്റം വരും. പകരം സര്‍ക്കാര്‍ പദ്ധതി ഏത് മേഖലയെ ഉദ്ദേശിച്ചുള്ളതാണോ അതത് മേഖലയിലെ പ്രൊഫഷണലുകളെ ബ്രാന്‍ഡ് അംബാസിഡറാക്കുന്ന കാര്യം ആലോചനയിലുണ്ട്. സിനിമയ്ക്ക് പുറമെ അഭിനേതാക്കള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുവെന്ന വികാരം സി.പി.എമ്മിനുണ്ട്. ഇതില്‍ മാറ്റം വരണമെന്ന ആവശ്യമാകും ഉന്നയിക്കുക. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യം നയരൂപീകരണത്തിന് ശേഷം വ്യക്തമാകും.
സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ മാറ്റി സമഗ്രമായ ശുദ്ധികലശത്തിനാണ് നീക്കം നടക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ രാജ്യത്ത് ആദ്യമായി ഒരു മാതൃക സൃഷ്ടിച്ച നേട്ടം സര്‍ക്കാരിന് കൈവരും. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു വിപ്ലവകരമായ നേട്ടമെന്നാണ് സി.പി.എം. അവകാശപ്പെടുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ്, പശ്ചിമ ബംഗാള്‍ സിനിമാ മേഖലയിലും സമാനമായ കമ്മിറ്റിയെ വെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. സമഗ്രമായ സിനിമാ നയംകൂടി വരുന്നതോടെ ഇതിന്റെ ഒരു തുടര്‍ച്ച രാജ്യത്ത് ആദ്യമായി ഉണ്ടാക്കിയ നേട്ടം കേരളത്തിനും എല്‍.ഡി.എഫിനും വരും. അതേസമയം തുറന്ന ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷത്തെ ഒഴിവാക്കില്ല എന്നാണ് നിലവിലെ വിവരം.