മുംബൈ: ആഡംബര കാറിനു പിന്നിൽ കാർ തട്ടിയതിന് ടാക്സി ഡ്രൈവർക്കുനേരെ ക്രൂരമായ ആക്രമണം. മുംബൈയിലെ ഘാട്കോപ്പർ ഏരിയയിലാണ് സംഭവം. 24-കാരനായ കയമുദ്ദീൻ മൊയ്നുദ്ദീൻ ഖുറേഷിക്കാണ് മർദനമേറ്റത്. സംഭവത്തിൽ റിഷഭ് ബിഭാസ് ചക്രവർത്തി, ഇയാളുടെ ഭാര്യ അന്താരഘോഷ് എന്നിവർക്കെതിരേ മുംബൈ പോലീസ് കേസെടുത്തു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിഷഭിന്റെ ആഡംബര കാറിനു പിന്നിൽ ഖുറേഷിയുടെ ടാക്സി ചെറുതായി തട്ടുന്നത് വീഡിയോയിൽ കാണാം. പിന്നീട് കാറിൽനിന്ന് ഇറങ്ങിവന്ന റിഷഭ്, ടാക്സി ഡ്രൈവറെ മുഖത്ത് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.
ഖുറേഷിയെ മുകളിലേക്ക് ഉയർത്തിയശേഷം നിലത്തേക്ക് എറിയുന്നതും കാണാം. അടിയേറ്റ ഖുറേഷി ഏറെനേരം നിലത്തു കിടക്കുന്നതും അവശനിലയിൽ എഴുന്നേറ്റ് നടക്കുന്നതും വീഡിയോയിലുണ്ട്.
ചൂറ്റും ആളുകൾ കൂടുന്നുവെന്ന് മനസ്സിലാക്കിയ പ്രതികൾ സ്ഥലംവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ പിന്നീട് സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരേ കേസെടുത്തത്.