ആർത്തവത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന പ്രധാനപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പി.സി.ഒ.എസ്. വണ്ണംവെക്കുക, ക്രമരഹിതമായ ആർത്തവം, മുടികൊഴിച്ചിൽ, മുഖത്തും ശരീരത്തിലുമുള്ള മുടിവളർച്ച, മുഖക്കുരു തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. പി.സി.ഒ.എസ്. എന്ന വിഷയത്തിൽ ഇനിയും അവബോധം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത സംരംഭകയായ നമിത ഥാപ്പർ.
പി.സി.ഒ.എസ്. അവബോധ മാസമാണ് സെപ്തംബർ. ഇന്ത്യയിലെ ഇരുപതുശതമാനം സ്ത്രീകൾക്കും പി.സി.ഒ.എസ്. ഉണ്ടെന്നും എഴുപതുശതമാനംപേരിൽ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും കൂടുതൽ അവബോധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്നും നമിത പറയുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നമിത ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. നടിമാരായ സോനം കപൂറും ശ്രുതി ഹാസനും പി.സി.ഒ.എസ്. സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ടെന്ന് നമിത പറയുന്നു. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെയും രക്തപരിശോധനയിലൂടെയും യഥാസമയത്ത് രോഗസ്ഥിരീകരണം നടത്തണമെന്നും നമിത പറയുന്നു.
രോഗസ്ഥിരീകരണം വൈകുന്നത് ഡയബറ്റിസ്, ഹൃദ്രോഗസാധ്യതകൾ, ഇൻഫെർട്ടിലിറ്റി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും പ്രധാനമാണെന്നും നമിത കുറിക്കുന്നു.
എന്താണ് പി.സി.ഒ.എസ്?
അണ്ഡാശയങ്ങൾ ചെറുകുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും. ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു.
വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.
പിസിഒഎസ് കാരണങ്ങൾ അറിയാം
- ജനിതക പാരമ്പര്യ കാരണങ്ങൾ.
- തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
- ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം
- നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ലക്ഷണങ്ങൾ
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.
ചികിത്സ
ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾ പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.