എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്സി. നഴ്സിങ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന 2024-ലെ അഖിലേന്ത്യാ അലോട്മെന്റിന്റെ ആദ്യറൗണ്ട് ഫലം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തി.മൂന്നു പ്രോഗ്രാമുകളിലെ വിവിധ വിഭാഗം സീറ്റുകളിലായി മൊത്തം 26,109 പേർക്ക് ഈ റൗണ്ടിൽ അലോട്മെൻറ്് ലഭിച്ചു. അലോട്മെൻറ്് ലഭിച്ചവർ വെബ്സൈറ്റിൽനിന്നു അലോട്മെൻറ്് മെമ്മോ ഡൗൺ ലോഡുചെയ്തെടുക്കണം. അതിലെ നിർദേശങ്ങൾ മനസ്സിലാക്കണം.
പ്രവേശനം നേടണം
അലോട്മെൻറ് ലഭിച്ചവർ ഓഗസ്റ്റ് 29-നകം, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുള്ള പട്ടികപ്രകാരമുള്ള രേഖകളുടെ അസൽസഹിതം അലോട്മെൻറ്് ലഭിച്ച കോളേജിൽ/സ്ഥാപനത്തിൽ ഹാജരായി, ഫീസടച്ച് പ്രവേശനം നേടണം.എം.സി.സി. യു.ജി. ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരം അലോട്മെൻറ് ലഭിക്കുന്നവർ പ്രവേശനവേളയിൽ ഹാജരാക്കേണ്ട രേഖകൾ ഇവയാണ്:
• മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നൽകുന്ന അലോട്മെൻറ്് ലറ്റർ
• നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നൽകിയ നീറ്റ് യു.ജി. അഡ്മിറ്റ് കാർഡ്
• എൻ.ടി.എ. നൽകിയ റിസൽറ്റ്/റാങ്ക് ലറ്റർ
• ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ് [മെട്രിക് (10-ാം ക്ലാസ്) സർട്ടിഫിക്കറ്റിൽ ജനനത്തിയതി ഇല്ലെങ്കിൽ]
• 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്
• 10+2 സർട്ടിഫിക്കറ്റ്
• 10+2 മാർക്ക് ഷീറ്റ്
• നീറ്റ് യു.ജി. 2024 അപേക്ഷാഫോമിൽ ഉപയോഗിച്ച പാസ്പോർട്ട് സൈസ് ഫോട്ടോയുടെ എട്ട് കോപ്പി
• ഐഡൻറിറ്റി തെളിവ് (ആധാർ/പാൻകാർഡ്/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്)
• പട്ടികവിഭാഗം/ഒ.ബി.സി./ഭിന്നശേഷി/ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് (ഇവ ബാധകമെങ്കിൽ മാത്രം- സർട്ടിഫിക്കറ്റ്, വ്യക്തമാക്കപ്പെട്ടിരിക്കുന്ന മാതൃകയിലും അധികാരിയിൽനിന്നും ആയിരിക്കണം).
സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം. അസൽ സർട്ടിഫിക്കറ്റുകൾ/രേഖകൾ തന്നെ ഹാജരാക്കണം. അത് ഹാജരാക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ചില സംസ്ഥാനങ്ങൾ ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റുകൾതന്നെ ഹാജരാക്കാൻ വ്യവസ്ഥചെയ്യാറുണ്ട്. ഇംഗ്ലീഷിതര ഭാഷയിലാണ് സർട്ടിഫിക്കറ്റെങ്കിൽ, അസൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് വേർഷൻ പകർപ്പ്, അസൽ സർട്ടിഫിക്കറ്റിനൊപ്പം കൈവശം വെച്ചിരിക്കണം. രേഖകളിലുള്ള പേരിന്റെ സ്പെല്ലിങ്ങിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ, രേഖകൾ തന്റേതു തന്നെയാണെന്നുള്ള തെളിവിലേക്ക് അഫിഡവിറ്റ് കൈവശം വെക്കണം. എല്ലാരേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശം വെക്കണം.
• എൻ.ആർ.ഐ./ഒ.സി.ഐ./പി.ഐ.ഒ./ ഫോറിൻ നാഷണൽ വിഭാഗക്കാർ ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച വിശദാംശങ്ങളും ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.
• പ്രവേശനംനേടുന്ന സ്ഥാപനം മറ്റ് ഏതെങ്കിലും രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കുകയോ സ്ഥാപനവുമായി ബന്ധപ്പെട്ട് തിരക്കുകയോ ചെയ്യണം. ഉണ്ടെങ്കിൽ അവയും പ്രവേശനസമയത്ത് കൊണ്ടുപോകണം. ഫീസ് വിവരവും തിരക്കുക. ചില സ്ഥാപനങ്ങളിലെ ഫീസ് വിവരങ്ങൾ എം.സി.സി. യു.ജി. കൗൺസലിങ് സൈറ്റിലെ ഇംപോർട്ടൻറ്് ലിങ്കിലുള്ള ‘പാർട്ടിസിപ്പേറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീറ്റെയിൽസ് യു.ജി. 2024’ ലിങ്ക് വഴി കണ്ടെത്താം. അവിടെയില്ലെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ടു മനസ്സിലാക്കുക.
• അപേക്ഷകരുടെ അസൽ സർട്ടിഫിക്കറ്റുകൾ മറ്റേതെങ്കിലും സ്ഥാപനത്തിൽ നൽകിയിരിക്കുകയും സർട്ടിഫിക്കറ്റുകൾ ആ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തുന്ന ആ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റുമായി പ്രവേശനത്തിനു വരുന്നവരെ, പ്രവേശനം നേടാൻ അനുവദിക്കില്ല.
• പ്രവേശനം നേടുമ്പോൾ സ്ഥാപനം അപേക്ഷാർഥിയുടെ വിവരങ്ങൾ ഓൺലൈൻ ആയി എം.സി.സി. നൽകുന്ന പോർട്ടൽവഴി നൽകി അഡ്മിഷൻ ലറ്റർ രൂപപ്പെടുത്തുന്നെന്ന് ഉറപ്പാക്കണം.
ആദ്യറൗണ്ടിൽ പ്രവേശനം നേടിയാൽ
• ആദ്യ അലോട്മെന്റ് പ്രകാരം ഒരു കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ, രണ്ടാം റൗണ്ടിൽ എങ്ങനെ, തന്നെ പരിഗണിക്കണമെന്ന്, പ്രവേശനംനേടുന്ന വേളയിൽ വ്യക്തമാക്കണം.
• രണ്ടാം റൗണ്ടിൽ മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് താത്പര്യമുണ്ടെങ്കിൽ ആദ്യ റൗണ്ട് പ്രവേശനം നേടുമ്പോൾ ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ സ്ഥാപനത്തിൽ നൽകണം.
• കിട്ടിയ സീറ്റിൽ പൂർണതൃപ്തിയുണ്ടെങ്കിൽ, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടെന്നുവെക്കാം. അങ്ങനെ ചെയ്താൽ, പ്രവേശനംനേടിയ സീറ്റിൽ തുടരാം. തുടർറൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.
അപ്ഗ്രഡേഷൻ കൊടുത്താൽ
• രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്ന ആൾ രണ്ടാംറൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ് ആരംഭിക്കുമ്പോൾ പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ടാ). ആദ്യ റൗണ്ടിലെ അവശേഷിക്കുന്ന ചോയ്സുകൾ പരിഗണിക്കില്ല. രണ്ടാം റൗണ്ടിലേക്ക് നൽകുന്ന പുതിയ ചോയ്സുകളിൽ ഒന്ന് അനുവദിക്കുന്ന പക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാൾക്ക് അത് അനുവദിച്ചിരിക്കും).
• പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ രണ്ടാം റൗണ്ടിൽ അലോട്ടുചെയ്ത സീറ്റും നഷ്ടപ്പെടും.
കൂടാതെ, അടച്ച സെക്യൂരിറ്റി തുകയും നഷ്ടപ്പെടും. രണ്ടാം റൗണ്ടിൽ മാറ്റം വരുന്നില്ലെങ്കിൽ ആദ്യ അഡ്മിഷൻ നിലനിൽക്കും.
അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യ റൗണ്ട് പ്രവേശനം നിലനിൽക്കും.
ആദ്യ റൗണ്ട് അലോട്മെന്റ് വേണ്ടെന്നുവെക്കാം (ഫ്രീ എക്സിറ്റ്)
• ആദ്യ റൗണ്ടിൽ അലോട്മെന്റ് കിട്ടിയവർക്ക്, വേണമെങ്കിൽ ആ അലോട്മെന്റ് വേണ്ടെന്നുവെക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാം റൗണ്ടിൽ അവർക്ക് പങ്കെടുക്കാനും കഴിയും. പുതിയ രജിസ്ട്രേഷനും നടത്തേണ്ടതില്ല. പക്ഷേ, പുതിയ ചോയ്സുകൾ യഥാസമയം നൽകണം
• റൗണ്ട് ഒന്നിൽ ഫ്രീ എക്സിറ്റ് ഓപ്ഷൻ എടുക്കുന്നവർ കോളേജ് റിപ്പോർട്ടിങ് നടത്തേണ്ടതില്ല.
• ആദ്യ റാണ്ടിൽ അലോട്മെൻറ്് ഒന്നും ലഭിക്കാത്തവർക്ക് രണ്ടാംറൗണ്ടിൽ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ വേണ്ടാ. പക്ഷേ, രണ്ടാം റൗണ്ട് നടപടികൾ ആരംഭിക്കുമ്പോൾ പുതിയ ചോയ്സുകൾ നൽകണം. ആദ്യറൗണ്ടിനു നൽകിയ ചോയ്സുകൾ പരിഗണിക്കുന്നതല്ല.
രണ്ടാം റൗണ്ട് അലോട്മെന്റ്
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമപ്രകാരം രണ്ടാംറൗണ്ട് നടപടികൾ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും. ആദ്യ റൗണ്ടിൽ രജിസ്ട്രേഷൻ നടത്താത്തവർക്ക് രണ്ടാം റൗണ്ടിൽ പുതിയ രജിസ്ട്രേഷൻ നടത്തി ഫീസ്/ഡിപ്പോസിറ്റ് അടച്ച് ചോയ്സ് ഫില്ലിങ് നടത്താൻ അവസരമുണ്ടാകും.