പത്തനംതിട്ട: ഹിമാചൽപ്രദേശിലെ റോഹ്താങ് ചുരത്തിൽ 1968-ലുണ്ടായ വിമാനാപകടത്തിൽ കാണാതായ പത്തനംതിട്ടയിലെ ഇലന്തൂർ സ്വദേശിയായ തോമസ് ചെറിയാന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് കണ്ടെടുത്തത്. അതും കാണാതായി 56 വർഷത്തിനുശേഷം. ഇപ്പോഴത്തെ വാർത്തയിൽ സന്തോഷവും സങ്കടവുമുണ്ടെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരി മേരി തോമസ്.
ചെറിയാനെ കാണാതാവുമ്പോൾ 12 വയസായിരുന്നു മേരിയുടെ പ്രായം. വാർത്തകേട്ടപ്പോൾ സങ്കടവും സന്തോഷവും ഒരുപോലെയുണ്ടായെന്ന് മേരി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മൃതദേഹം കിട്ടിയല്ലോ എന്ന സന്തോഷമുണ്ടായിരുന്നു. കുടുംബ കല്ലറയിൽത്തന്നെ അടക്കാമല്ലോ. ചെറിയാനെക്കുറിച്ചോർത്ത് ഒരുപാട് വിഷമത്തോടെയാണ് പിതാവും അമ്മയും ഞങ്ങളെ വിട്ടുപോയത്. പിതാവിന് കുറച്ച് മനോധൈര്യമൊക്കെയുണ്ടായിരുന്നു. സംഭവം വീട്ടിലറിയുമ്പോൾ താൻ ഏഴാംക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂളിൽ പോയിരുന്ന തന്നെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടം കിട്ടിയെന്ന് മൂന്നുവർഷം മുൻപ് സൈന്യം അറിയിച്ചപ്പോൾ ചെറിയാന്റെ മൃതദേഹം കിട്ടുമോ എന്ന് പ്രതീക്ഷിച്ചിരുന്നു. അതിനുമുൻപെല്ലാം ജീവനോടെ വരുമോ എന്നായിരുന്നു പ്രതീക്ഷയെന്നും മേരി തോമസ് പറഞ്ഞു.
“വിമാനാവശിഷ്ടം കിട്ടിയപ്പോൾ ചെറിയാൻ ജീവിച്ചിരിപ്പുണ്ടെന്നുള്ള പ്രത്യാശയില്ലായിരുന്നു. പക്ഷേ മൃതശരീരം കിട്ടുമെന്ന് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചില്ല. അപ്പന്റേയും അമ്മയുടേയും കൂടെ കല്ലറയിൽ അടക്കാമല്ലോ എന്ന സന്തോഷമുണ്ട്. എനിക്ക് മൂത്തതായി മൂന്നുപേരുണ്ട്. ഞാൻ ഏവിൽ പഠിക്കുമ്പോൾ മൂന്നുപേർക്കും ജോലിയായിരുന്നു. പിതാവിന്റെ ജ്യേഷ്ഠനാണ് ഞങ്ങളെയെല്ലാം നോക്കി വളർത്തിയത്. തോമസ് ചെറിയാനും അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലാണ് വളർന്നത്.” മേരി തോമസ് കൂട്ടിച്ചേർത്തു.
18-ാം വയസ്സിലാണ് തോമസ് ചെറിയാൻ കരസേനയിലേക്ക് പോകുന്നത്. ചേട്ടൻ തോമസ് മാത്യുവും കരസേനയിലായിരുന്നു. രാജ്യത്തിന് എന്റെ സേവനം വേണമെന്ന് പറഞ്ഞ് സഹോദരന്റെ പാത തന്നെ അനിയനും പിന്തുടർന്നു. നാല് വർഷത്തിനുശേഷമായിരുന്നു ദുരന്തം.