കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. തിരുവോണദിവസം വൈകീട്ട് 5.30-ഓടെയാണ് ആനൂര്‍ക്കാവില്‍ അമിതവേഗത്തിലെത്തിയ കാര്‍ സ്കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ ഓടിച്ചുകയറ്റുന്ന നടുക്കുന്ന രംഗങ്ങള്‍ക്കും നാട്ടുകാര്‍ സാക്ഷിയായി.
പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അതിദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസി(30)ക്കും പരിക്കേറ്റു. സംഭവത്തില്‍ കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍, ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മായ ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം.
കാര്‍ കയറ്റിയിറക്കി നിര്‍ത്താതെപോയി, മറ്റുവാഹനങ്ങളിലും ഇടിച്ചു…
സ്കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയശേഷം നിര്‍ത്താതെ കാറുമായി പാഞ്ഞ അജ്മല്‍ മറ്റുവാഹനങ്ങളിലും ഇടിപ്പിച്ചതായി നാട്ടുകാര്‍. നിര്‍ത്താതെപോയ കാറിനെ മറ്റുവാഹനങ്ങളില്‍ നാട്ടുകാര്‍ പിന്തുടര്ന്നിരുന്നു. ഇതിനിടെയാണ് ഒരു ഗുഡ്സ് ഓട്ടോയില്‍ ഇടിക്കാന്പോയത്. ഓട്ടോ വെട്ടിച്ചുമാറ്റിയതോടെ കാര്‍ സമീപത്തെ മതിലില്‍ ഇടിച്ചു. എന്നാല്‍, ഇവിടെയും അജ്മല്‍ വാഹനം നിര്‍ത്തിയില്ല. ഉടന്‍തന്നെ കാര്‍ പിറകോട്ടെടുത്ത് വീണ്ടും കുതിച്ചു. തുടര്‍ന്ന് യാത്രയ്ക്കിടെ മറ്റുചില വാഹനങ്ങളിലും കാര്‍ ഇടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഒടുവില്‍ കാര്‍ നിര്‍ത്തി കടന്നുകളഞ്ഞ അജ്മലിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അജ്മല്‍ ഉപയോഗിച്ചിരുന്ന കാര്‍ കൊല്ലം ഇടക്കുളങ്ങര സ്വദേശിനിയായ യുവതിയുടെ പേരിലുള്ളതാണെന്നാണ് വിവരം.
മുന്നോട്ടെടുക്കാന്‍ പറഞ്ഞത് ഡോക്ടര്‍, ക്രൂരത
കാറിടിച്ചതിന്റെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ ഉയര്‍ന്നുപൊങ്ങുകയും കാറിന്റെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. തൊട്ടുപിന്നാലെ ഇവര്‍ റോഡിൽ, കാറിന്റെ മുന്‍വശത്തേക്ക് വീണു. ഈസമയം നാട്ടുകാര്‍ കാര്‍ മുന്നോട്ടെടുക്കരുതെന്നു പറഞ്ഞ് ബഹളംവെച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ കൂട്ടാക്കിയില്ല.
ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറാണ് കാര്‍ മുന്നോട്ടെടുക്കാന്‍ പറഞ്ഞതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇതോടെ അജ്മല്‍ കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആദ്യം മുന്നോട്ടെടുത്തപ്പോൾ കയറാതെവന്നതോടെ റിവേഴ്സ് എടുത്ത് വീണ്ടും മുന്നോട്ടെടുത്തെന്നും സ്ത്രീയുടെ നെഞ്ചിലൂടെ കാര്‍ കയറിയിറങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ മുന്നോട്ടെടുത്തില്ലെങ്കില്‍ താഴെ കുരുങ്ങികിടുന്നിരുന്ന കുഞ്ഞുമോളെ പുറത്തിറക്കാന്‍ കഴിയുമായിരുന്നുവെന്നും ജീവന് രക്ഷിക്കാന്‍ സാധിച്ചേനെയെന്നും നാട്ടുകാര്‍ പറഞ്ഞു.
സങ്കടക്കടല്‍, പ്രതിക്കെതിരേ നരഹത്യാക്കുറ്റം
കാറിടിച്ച് മരിച്ച കുഞ്ഞുമോളും സഹോദരി ഫൗസിയും വീട്ടിലേക്ക് ഗ്ലാസുകള്‍ വാങ്ങാനായാണ് ആനൂര്‍ക്കാവിലെ കടയിലെത്തിയത്. കടയില്‍നിന്ന് സാധനം വാങ്ങി സ്കൂട്ടറില്‍ തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഭര്‍ത്താവിനൊപ്പം വീടിനടുത്ത് കട നടത്തുകയാണ് കുഞ്ഞുമോള്‍. രണ്ട് പെണ്മക്കളുണ്ട്. അര്‍ബുദബാധിതയായ ഇവര്‍ ഇതിനുള്ള ചികിത്സയിലായിരുന്നു. ഓണവും നബിദിനവും പ്രമാണിച്ച് വീട്ടില്‍വരുന്ന ബന്ധുക്കള്‍ക്കായി കുഞ്ഞുമോള്‍ പായസം തയ്യാറാക്കിയിരുന്നു. ഇത് വിതരണംചെയ്യാനുള്ള ഗ്ലാസുകള്‍ വാങ്ങാനായാണ് ഇവര്‍ സഹോദരിക്കൊപ്പം ആനൂര്‍ക്കാവിലെ കടയിലെത്തിയത്.
അതേസമയം, സ്ത്രീയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിനെതിരേ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെയും കസ്റ്റഡിയിലുള്ള വനിതാഡോക്ടറെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കേസില്‍ വനിതാ ഡോക്ടറെയും പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന. അറസ്റ്റിലായ അജ്മല്‍ നേരത്തെ മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.