കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന് ആദരാഞ്ജലി അർപ്പിച്ച് പങ്കുവെച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടി ‘കണ്ണൂർ കളക്ടർ’. പി.പി. ദിവ്യയെ തടഞ്ഞില്ലെന്ന് ആരോപിച്ച് നിരവധി പേർ കളക്ടർ അരുൺ കെ. വിജയനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരസ്യമായ അപമാനം.
യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. ദിവ്യയെ തടയാൻ കളക്ടർ ശ്രമിച്ചില്ലെന്നാണ് ആരോപണം.
എ.ഡി.എമ്മിനെ പിന്തുണച്ച് രണ്ടു വാക്ക് ആ വേദിയിൽ വെച്ചു തന്നെ പറയണമായിരുന്നു. ആ സദസ്സിൽ കളക്ടർ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരു പക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു. താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചുവിടുമ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു… എന്നിങ്ങനെ പോകുന്ന കളക്ടർക്കെതിരെയുള്ള വിമർശനം.