കാഞ്ഞങ്ങാട്: കല്യാണവീട്ടിലെ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച് വീണ്ടും കാണാമെന്ന മോഹത്തോടെ പിരിഞ്ഞവരെ കണ്ണീരിലാക്കി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടന്ന തീവണ്ടി തട്ടിയുള്ള അപകടം. ഒപ്പമുണ്ടായിരുന്നവർ തീവണ്ടിതട്ടി മരിക്കുന്നത് നോക്കി പകച്ചുനിൽക്കാനേ അവർക്കായുള്ളൂ. എല്ലാം ഞൊടിയിടകൊണ്ട് സംഭവിച്ചു.
കോട്ടയം പാലക്കുടിയിൽ ചിങ്ങവനത്തെ ചിന്നമ്മ (68), പരപ്പൂത്തറ ഈരയിലെ ആലീസ് തോമസ് (61), ചിങ്ങവനം പരുത്തുംപാറ കുഴിമറ്റത്തെ എയ്ഞ്ചലീന (30) എന്നിവരാണ് മരിച്ചത്.
സന്ധ്യമയങ്ങിയ നേരത്തെ ഇരുട്ടിലെ നിലവിളിയിൽ എന്ത് സംഭവിച്ചെന്ന് സ്റ്റേഷനിലുണ്ടായിരുന്നവർക്ക് തിരിച്ചറിയാൻ കഴിയും മുൻപ് കോയമ്പത്തൂർ-ഹിസാർ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തീവണ്ടി തട്ടി മൂന്ന് ജീവൻ പൊലിഞ്ഞിരുന്നു. പോവല്ലേയെന്ന ഉച്ചത്തിലുള്ള മുന്നറിയിപ്പ് കേട്ടതും ചീറിപ്പാഞ്ഞെത്തിയ തീവണ്ടി ഇടിച്ചതുമെല്ലാം പെട്ടെന്നായിരുന്നു. ഇതോടെ നിലവിളികളുയർന്നു. തീവണ്ടി കടന്നുപോയി നോക്കുമ്പോൾ തൊട്ടടുത്ത് ഒരാൾ മരിച്ചുകിടക്കുന്നു. റെയിൽപ്പാതയ്ക്കപ്പുറം മറ്റൊരാളും. മൂന്നാമത്തെയാൾ എവിടെപ്പോയെന്നായി പിന്നെ അന്വേഷണം. തിരഞ്ഞപ്പോൾ 50 മീറ്ററകലെ മൃതദേഹം കണ്ടെത്തി. കൂട്ടത്തിലൊരാളുടേതെന്ന് കരുതുന്ന ബാഗ് എൻജിനിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിലെ ഉത്രാടത്തിരക്കിനിടയിലും നിരവധിപേരാണ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. പിന്നീട് ബഹളമയമായിരുന്നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ.
കാഞ്ഞങ്ങാട്ട് തീവണ്ടിതട്ടി മൂന്ന് സ്ത്രീകൾ മരിച്ചെന്നും കള്ളാറിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയ, വധുവിന്റെ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടതെന്നും അറിഞ്ഞതോടെ ദിവസങ്ങളായി ബഹളവും ആഘോഷവുമായി നിറഞ്ഞുനിന്ന വീട് ഒരുനിമിഷംകൊണ്ട് ദുഃഖസാന്ദ്രമായി. ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻപോലും കഴിയാത്ത സ്ഥിതി.
കള്ളാർ അഞ്ചാലയിലെ തെങ്ങുംപള്ളിൽ ജോർജിന്റെ മകൻ ജെസ്റ്റിൻ ജോർജും കോട്ടയം ചിങ്ങവനത്തെ മാർഷയും തമ്മിലുള്ള വിവാഹമായിരുന്നു ശനിയാഴ്ച. കള്ളാർ സെയ്ന്റ് തോമസ് ദേവാലയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വൈകുന്നേരത്തോടെ കോട്ടയം ചിങ്ങവനത്തേക്ക് പോകാനായി ബസിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം എത്തിയതായിരുന്നു വധുവിന്റെ ബന്ധുക്കൾ. തുടർന്ന് റെയിൽവേപ്പാത മുറിച്ചുകടക്കുന്നതിനിടെ മാർഷയുടെ മുത്തശ്ശി ചിന്നമ്മയുൾപ്പെടെ മൂന്നുപേർ കണ്ണൂർ ഭാഗത്ത് നിന്നെത്തിയ തീവണ്ടി തട്ടി മരിക്കുകയായിരുന്നു.
രാത്രി ഏഴോടെയായിരുന്നു അപകടം. ആഘോഷങ്ങൾക്ക് നടുവിലേക്ക് അപകടവിവരമെത്തിയതോടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കണ്ണീരിലായി. മണിക്കൂറുകൾക്ക് മുൻപ് വിവാഹാനുഗ്രഹവും നൽകി യാത്രയായ മുത്തശ്ശിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വിവരം വധുവിനെ അറിയിക്കാൻ പോലുമാകാത്ത വേദനയിലായിരുന്നു ബന്ധുക്കൾ.