ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും.
പത്തു വര്‍ഷത്തിനുശേഷമാണ് തിരഞ്ഞെടുപ്പ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിന്‍വലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. ആദ്യഘട്ടത്തിലെ 24 മണ്ഡലങ്ങളില്‍ എട്ടെണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്.
നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും സി.പി.എമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. പി.ഡി.പി.യും ചെറുപാര്‍ട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്കോണമത്സരമാണ്. 370-ാം അനുച്ഛേദം പിന്‍വലിച്ചതും ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെ ലഭിക്കണമെന്ന വാദവും പ്രചാരണവേദികളില്‍ ശക്തമാണ്.
219 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്നത്. ചിലത് ജമ്മു-കശ്മീരിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന തട്ടകങ്ങളാണ്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് സകീന ഇട്ടൂ, ബി.ജെ.പി. സ്ഥാനാര്‍ഥി സോഫി മുഹമ്മദ് യൂസഫ് തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍.
മുഖ്യവിഷയം അനുച്ഛേദം-370
2019-ല്‍ പിന്‍വലിച്ച ഭരണഘടനയിലെ 370-ാം അനുച്ഛേദമാണ് പ്രധാന ചര്‍ച്ചാവിഷയം. ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന അനുച്ഛേദം പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നു. അനുച്ഛേദം പിന്‍വലിച്ചതിലൂടെ ജമ്മു-കശ്മീരില്‍ വികസനപ്രവാഹമായെന്ന അവകാശവാദവുമായി ബി.ജെ.പി. അതിനെ പ്രതിരോധിക്കുന്നു. അനുച്ഛേദവിഷയംമൂലം തിരഞ്ഞെടുപ്പ് നയതന്ത്രലോകം പരിശോധിക്കുന്ന അക്കാദമിക് വിഷയമായി വളര്‍ന്നിട്ടുണ്ട്.
അനുച്ഛേദം പിന്‍വലിച്ചാല്‍ വികസനം വരുമെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അതൊന്നും നടപ്പായില്ലെന്നും യുവാക്കള്‍ തൊഴിലില്ലാത്തവരാണെന്നും കശ്മീര്‍ സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തരബിരുദം നേടിയ മുഹമ്മദ് ജാസിം പറഞ്ഞു. എന്നാല്‍, സൈനാകോട്ടില് പലചരക്ക് കട നടത്തുന്ന സഫീറിന് 370-ാം അനുച്ഛേദം പിന്‍വലിക്കലിനെക്കുറിച്ച് മറ്റൊന്നാണ് പറയാനുള്ളത്. സമാധാനം തിരിച്ചുവന്നു. ഹര്‍ത്താലുകള്‍ ഒഴിവായി. കല്ലേറുകള്‍ നിലച്ചു-സഫീര്‍ പറഞ്ഞു. ഇന്ത്യസഖ്യവും പി.ഡി.പി.യും പ്രാദേശിക പാര്‍ട്ടികളും അനുച്ഛേദം പിന്‍വലിച്ചതിനെതിരേ പ്രചരണം നടത്തുമ്പോള്‍, അനുച്ഛേദം ചരിത്രമായെന്നും തിരിച്ചുവരില്ലെന്നുമാണ് ബി.ജെ.പി നേതാക്കളുടെ മറുപടി.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍
പാംപോര്‍, ത്രാല്‍, പുല്‍വാമ, രാജ്പുര, സൈനാപുര, ഷോപിയാന്‍, ഡി.എച്ച്. പുര, കുല്‍ഗാം, ദേവ്സര്‍, ദൂരു, കൊകെര്‍നാഗ്, അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രിഗുഫ്വാര-ബിജ്ബേഹാര, ഷന്ഗുസ്-അനന്തനാഗ് ഈസ്റ്റ്, പഹല്‍ഗാ, ഇന്ദര്വാള്, കിഷ്ത്വാര്‍, പാഡര്‍-നാഗ്സേനി, ഭദര്‍വാ, ദോഡ, ദോഡ വെസ്റ്റ്, റംബാന്‍, ബനിഹാല്‍.