തക്കാളിയും ഉള്ളിയും ഉരുളക്കഴിങ്ങുമൊക്കെ കൂട്ടത്തില്‍ മികച്ചത് നോക്കി തെരഞ്ഞെടുക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാല്‍ ഈ ശ്രമകരമായ’ ജോലി എളുപ്പമാക്കാന്‍ ഒരു മുന്‍ ഐ. എഫ്.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കണ്ടെത്തിയ വഴി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തക്കാളിയും ഉള്ളിയും മുതല്‍ പാല് വരെ മികച്ചത് എങ്ങനെ തെരഞ്ഞെടുക്കണമെന്ന് ഭാര്യ ഒരു കടലാസില്‍ എഴുതി നല്‍കുകയായിരുന്നു. ഓരോ സാധനത്തിന്റേയും ചിത്രം വരെ ഈ കുറിപ്പടിയില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. മോഹന്‍ പാര്‍ഗേന്‍ എന്ന മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് ഈ കുറിപ്പടിയുടെ ചിത്രം എക്സില്‍ പങ്കുവെച്ചത്.
സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്ന തനിക്ക് ഭാര്യ തന്ന നിര്‍ദ്ദേശങ്ങള്‍ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. വഴികാട്ടിയായി നിങ്ങള്‍ക്കും ഇത് ഉപഗോഗിക്കാം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ദ്വാരങ്ങളില്ലാത്ത മഞ്ഞയും ചുവപ്പും കലര്‍ന്ന തക്കാളി ഒന്നരക്കിലോ, ഉരുണ്ട ചെറിയ സൈസിലുള്ള ഉള്ളി ഒന്നരക്കിലോ, പച്ചനിറമോ കണ്ണുകളോ ഇല്ലാത്ത മീഡിയം സൈസിലുള്ള ഉരുളക്കിഴങ്ങ് ഒരു കിലോ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ഏതു തരത്തിലുള്ള ഉള്ളിയും ഉരുളക്കിഴങ്ങും പച്ചമുളകുമാണ് വേണ്ടതെന്ന ചിത്രം ഉള്‍പ്പെടയാണ് നിര്‍ദേശങ്ങള്‍ എഴുതിയിരിക്കുന്നത്. ഒരുപാട് കട്ടിയുള്ളതോ സോഫ്റ്റ് ആയതോ അല്ലാത്ത വെണ്ടക്കയാണ് വേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. കടും പച്ച നിറത്തിലുള്ള നീളത്തിലുള്ള പച്ചമുളക് സൗജന്യമായി ചോദിക്കണമെന്നാണ് നിര്‍ദ്ദേശം.
ആദ്യമായി പച്ചക്കറി വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണെന്നും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഭര്ത്തക്കന്മാര്ക്ക് സാധനം വാങ്ങാന്‍ പോകുമ്പോള്‍ സമ്മര്‍ദ്ദമാകുമെന്നും കമന്റുകളുണ്ട്.
എന്നാല്‍ ഭാര്യ വാട്സാപ്പ് യൂണിവേഴ്സിറ്റി വഴി കണ്ടെത്തിയ പച്ചക്കറി കുറിപ്പടിയാണ് ഇതെന്നും എക്സില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ മോഹന്‍ പാര്‍ഗേന്‍ പറയുന്നു. പച്ചക്കറി വാങ്ങാന്‍ പോകുന്ന ഭര്‍ത്താവിന് എഴുതി നല്‍കിയത് എന്ന അടിക്കുറിപ്പോടെ 2017-ല്‍ മറ്റൊരു യുവതി പങ്കുവെച്ച പോസ്റ്റാണ് ഭാര്യ തനിക്ക് അയച്ചുതന്നതെന്നും മോഹന്‍ വ്യക്തമാക്കുന്നു.