കാസർകോട്: കായികാധ്യാപിക ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ദേശീയ കബഡിതാരം കൂടിയായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി (27) ആത്മഹത്യചെയ്ത കേസിൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി എ.മനോജാണ് ശിക്ഷ വിധിച്ചത്.
ഗാർഹികപീഡനം കാരണം പ്രീതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ആത്മഹത്യാപ്രേരണയ്ക്ക് ഒന്നാംപ്രതി ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണയ്ക്ക് (38) ഏഴുവർഷം കഠിനതടവും മൂന്നാം പ്രതി അമ്മ ശ്രീലതയ്ക്ക് (59) അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം വീതം പിഴയുമാണ് വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡനത്തിന് രണ്ടുപ്രതികൾക്കും രണ്ടുവർഷം കഠിനതടവും ഒരുലക്ഷംവീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
പിഴത്തുകയായ നാലുലക്ഷം അടച്ചാൽ അത് പ്രീതിയുടെ മകൾക്ക് നൽകണമെന്നും ജില്ലാ നിയമസേവന അതോറിറ്റി അന്വേഷിച്ച് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. രാകേഷ് കൃഷ്ണയുടെ അച്ഛൻ ടി.കെ.രമേശൻ കേസിൽ രണ്ടാംപ്രതിയായിരുന്നു. വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചു.
2017 ഓഗസ്റ്റ് 18-നാണ് ചേരിപ്പാടിയിലെ വീട്ടിൽ പ്രീതി തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയതെന്നായിരുന്നു ആരോപണം. ബേഡകം പോലീസ് രജിസ്റ്റർചെയ്ത കേസ് സബ്ഇൻസ്പെക്ടറായിരുന്ന എ.ദാമോദരനാണ് ആദ്യം അന്വേഷിച്ചത്. തുടർന്ന് കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി.
മകൾക്ക് നീതി കിട്ടി
‘ജീവനൊടുക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അവൾ അത്രമേൽ പ്രയാസപ്പെട്ടിരുന്നു. സഹിക്കാനാകാതെയാകും അവൾ എല്ലാം ഉപേക്ഷിച്ച് പോയത്’- ബേഡകം ചേരിപ്പാടിയിലെ പ്രീതി ഗാർഹിക പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ വിധിപറയുന്നത് കേൾക്കാൻ കാസർകോട് കോടതിയിലെത്തിയ അമ്മ അനിത തമ്പാൻ പറഞ്ഞു. ‘അവൾക്ക് നീതി കിട്ടി. എന്റെ കൊച്ചുമോൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. അവളെ പൊന്നുപോലെ നോക്കണം’-വിധി കേട്ടശേഷം അവർ പ്രതികരിച്ചു.
കേസിൽ ബുധനാഴ്ച ശിക്ഷവിധിക്കുമെന്ന് അറിയിച്ചതിനാൽ രാവിലെതന്നെ അനിത കോടതിയിലെത്തിയിരുന്നു.ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷം കേസ് വിളിച്ചപ്പോൾ നിർവികാരയായി അവർ കോടതിവരാന്തയിൽതന്നെ ഇരുന്നു. പ്രതികളോട് എന്തെങ്കിലും പറായാനുണ്ടോയെന്ന് ചോദിച്ചശേഷം ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിളിക്കാമെന്ന് പറഞ്ഞ് മറ്റൊരു കേസ് കൂടിയെടുത്ത് കോടതി ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴും അതേ ഇരിപ്പായിരുന്നു. എന്താണ് വിധിയെന്നറിയാനുള്ള കാത്തിരിപ്പിൽ ഭക്ഷണം കഴിക്കാൻപോലും അവർ പോയില്ല. ഒടുവിൽ ശിക്ഷാവിധി കേട്ടതോടെ മകൾക്ക് നീതികിട്ടിയെന്നുറപ്പിച്ച് വീട്ടിലേക്ക് മടങ്ങി.
കേസിൽ നിർണായകമായത് ഡയറിക്കുറിപ്പുകൾ
ബേഡകം ചേരിപ്പാടിയിലെ കായികാധ്യാപികയും ദേശീയ കബഡി താരവുമായ പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും ആത്മഹത്യാപ്രേരണയ്ക്കും സ്ത്രീധനപീഡനത്തിനും കോടതി ശിക്ഷിക്കുമ്പോൾ നിർണായകമായത് ഡയറിക്കുറിപ്പുകൾ. എല്ലാ ദിവസവും ഡയറിയെഴുതിയിരുന്ന പ്രീതി ഭർതൃവീട്ടിൽനിന്നും നേരിട്ട പ്രയാസങ്ങളെല്ലാം അതിൽ എഴുതിയിരുന്നു. കൂടാതെ, ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം 2017 ഓഗസ്റ്റ് 17-ന് ഗാർഹിക പീഡന കേസ് തയ്യാറാക്കുന്നതിന് ഒരു അഭിഭാഷകന് എഴുതിനൽകിയ 39 പേജുള്ള കുറിപ്പും കോടതിയിലെത്തി.
പ്രീതി വീട്ടിലില്ലാത്ത സമയത്ത് രണ്ടുവയസ്സുള്ള മകളെ ഭർതൃവീട്ടുകാർ എത്തി ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനും മറ്റും 2017 ജൂലായ് 27-ന് ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഓഗസ്റ്റ് 10-ന് സ്വർണമുൾപ്പെടെ തിരിച്ചുനൽകാമെന്ന് ഭർതൃവീട്ടുകാർ അറിയിച്ചുവെങ്കിലും വന്നില്ല. തുടർന്നാണ് ഗാർഹികപീഡനത്തിന് പരാതി നൽകുന്നതിന് അഭിഭാഷകനെ സമീപിച്ചത്.
സംഭവിച്ച കാര്യങ്ങൾ എഴുതിനൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് 39 പേജുള്ള കുറിപ്പ് തയ്യാറാക്കിയതും ആത്മഹത്യ ചെയ്യുന്നതിന് തലേന്നാൾ അമ്മയുടെ കൈവശം കൊടുത്തയച്ചതും. കേസിന്റെ വിചാരണഘട്ടത്തിൽ ഈ അഭിഭാഷകനെയുൾപ്പെടെ വിസ്തരിച്ചിരുന്നു. നേരത്തേ ബേഡകം പോലീസെടുത്ത കേസ് രജിസ്റ്ററും ഡയറിക്കുറിപ്പുകളുമുൾപ്പെടെ കോടതിയിൽ ഹാജരാക്കിയിരുന്നു.