തിരുവനന്തപുരം: പതിന്നാലായിരത്തോളം വന്ന ആരാധകരുടെ ആർപ്പുവിളിയും ആഹ്ലാദവും ആരവവും കൊണ്ടു ആഘോഷനിശയായി ട്രിവാൻഡ്രം സ്പോർട്സ് ഹബ്. കെ.സി.എൽ. ആദ്യ സീസണിലെ കിരീടം ഏരീസ് കൊല്ലം സെയിലേഴ്സ് സ്വന്തമാക്കിയപ്പോൾ ബുധനാഴ്ച വൈകീട്ട് സ്റ്റേഡിയം സാക്ഷിയായത് ആരാധകരുടെ ആവേശമുഴക്കമായിരുന്നു. ഫൈനൽ കാണാൻ ഇരു ടീമുകളുടെ ആരാധകരുടെ വൻ തിരക്കായിരുന്നു ട്രിവാൻഡ്രം സ്പോർട്സ് ഹബ്ബിൽ. ഉച്ചയോടെ തന്നെ ക്രിക്കറ്റ് പ്രേമികൾ ഫൈനൽ കാണാനായി ഹബ്ബിലേക്കെത്തി.
ടീം ജേഴ്സിയണിഞ്ഞും കൊടി പിടിച്ചും ആരാധകർ സ്റ്റേഡിയം നിറച്ചു. ഇഷ്ടതാരങ്ങളെ കാണാനും ടീമിനു പിന്തുണ നൽകാനും ആരാധകർ തടിച്ചുകൂടി. മത്സരത്തിന് മുന്നോടിയായി നൃത്തവും മസാല കോഫി ബാൻഡിന്റെ പാട്ടും കൂടിയായപ്പോൾ ആഘോഷം കൊടുമുടിയിലായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കെ.എസി.എൽ. കപ്പുമായി ഗ്രൗണ്ടിലെത്തിയതോടെ ആരാധകരുടെ സന്തോഷം ഇരട്ടിച്ചു. തൊട്ടുപിന്നാലെയെത്തി മോഹൻലാൽ. ഇതോടെ ഗ്രൗണ്ടിലെങ്ങും ആഘോഷത്തിരയടിച്ചു. മോഹൻലാൽ ഇരു ടീമുകളെയും പരിചയപ്പെട്ടു.
ടോസ് നേടിയ ഏരീസ് കൊല്ലം സെയിലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർഴ്സിനെ ബാറ്റിങ്ങിനയച്ചു. ആക്രമണ ശൈലിയായിരുന്നു കാലിക്കറ്റ് കാഴ്ചവെച്ചത്. എന്നാൽ ബൗളിങ് രീതി മാറ്റിയതോടെ കാലിക്കറ്റിന്റെ റൺ വേഗത കുറഞ്ഞു. കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ പതിവ് തെറ്റിച്ചില്ല. സിക്സും ഫോറും മാറിമാറി വന്നു. ഓരോ സിക്സിലും ആരാധകർ കൈയടിച്ചു. അഖിൽ സ്കറിയയുടെ ബാറ്റിലൂടെയും സിക്സും ഫോറും പിറന്നു.
സീസണിലെ രണ്ടാമത്തെ ഉയർന്ന സ്കോറായ 213-ലേക്ക് കാലിക്കറ്റ് കുതിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് ആദ്യ നിമിഷത്തിൽ തന്നെ ഓപ്പണർ അരുൺ പൗലോസിനെ നഷ്ടമായി. ഇതിനു പിന്നാലെ ഓപ്പണർ അഭിഷേക് നായരുടെ വിക്കറ്റും പോയി. സെയിലേഴ്സ് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ഗംഭീര പ്രകടനമാണ് ടീമിനെ കളിയിലേക്കു തിരികെയെത്തിച്ചത്.
തുടർച്ചയായുള്ള സിക്സുകൾ സ്കോർനില ഉയർത്തി. ഒപ്പം ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനമായിരുന്നു വത്സൽ ഗോവിന്ദിന്റേത്. ഇവരുടെ കൂട്ടുകെട്ടിൽ 114 റൺസാണ് പിറന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ, ശശി തരൂർ എം.പി., സംവിധായകൻ പ്രിയദർശൻ എന്നിവരും ഫൈനൽ കാണാനെത്തി.
ട്വന്റി-ട്വന്റി മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ ഫൈനലായിരുന്നു ഗ്രീൻഫീൽഡിൽ അരങ്ങേറിയത്. ആവേശവും ആകാംക്ഷയും അവസാന ഓവർവരെ നിലനിന്ന ഫൈനലോടെ രണ്ടാഴ്ചത്തെ ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങി.