ന്യൂഡല്‍ഹി: ഇന്ത്യയുടെ ബില്യണയര്‍ ക്യാപിറ്റലായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കാളും കൂടുതല്‍ മഹാകോടീശ്വരന്മാരുള്ളത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണെന്ന് 2024 ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പറയുന്നു. പുതിയ 58 അതിധനികരുടെ വര്‍ധനയോടെ ആകെ 386 മഹാകോടീശ്വരന്മാരാണ് മുംബൈയിലുള്ളത്.
ഇക്കൊല്ലത്തെ ഹുരുണ്‍ ഇന്ത്യ റിച്ച ലിസ്റ്റിലെ 25 ശതമാനം പേരും മുംബൈയില്‍നിന്നുള്ളവരാണ്. മുംബൈ കഴിഞ്ഞാല്‍ ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളോടാണ് പിന്നെ കോടീശ്വരന്മാര്ക്ക് താല്പര്യമെന്നും ഹുരുണ്‍ പട്ടികയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയാണ് മുംബൈയ്ക്ക് തൊട്ടുപിന്നില്‍. 18 പുതിയ അതിസമ്പന്നര്‍ കൂടി എത്തിയതോടെ ഡല്‍ഹിയില്‍നിന്ന് ഹുരുണ്‍ ലിസ്റ്റില്‍ ഇടംപിടിച്ചവരുടെ എണ്ണം 217 ആണ്.
ബെംഗളൂരുവിനെ മറികടന്നാണ് ഇക്കുറി ഹൈദരാബാദ് മൂന്നാംസ്ഥാനത്തെത്തിയത്. ഹൈദരാബാദില്‍നിന്ന് 104 അതിസമ്പന്നരാണ് ഹുരുണ്‍ ലിസ്റ്റിലുള്ളത്. മുന്‍പത്തേതിനെക്കാള്‍ 17 പേരുടെ വര്‍ധനയുണ്ട്. 100 അതിധനികരുമായി നാലാം സ്ഥാനത്താണ് ബെംഗളൂരു.