തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുത്ത പശ്ചാത്തലത്തില്‍ മുകേഷിന് മേല്‍ രാജിസമ്മര്ദ്ദമേറുന്നു. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്നാണ് മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐ കടുത്ത ഭാഷയില്‍ ആവശ്യപ്പെടുന്നത്. മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ പരസ്യമായി പറഞ്ഞു. ഇടത് എംഎല്‍എ ലൈംഗികാതിക്രമക്കേസില്‍ കുടുങ്ങിയതോടെ സിപിഐ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം. ഇതിനുശേഷം നിലപാട് പ്രഖ്യാപിക്കും.
കേസ് വന്നതിന് പിന്നാലെ കൊല്ലം മണ്ഡലത്തില്‍ നിന്ന് മുങ്ങിയ മുകേഷ് ഇതുവരെ ആരെയും കാണാന്‍ കൂട്ടാക്കിയിട്ടില്ല. താരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും എത്തിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം. അതേസമയം കേസ് വന്നതിന്റെ സാഹചര്യം മുകേഷ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്.
പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളും കേസുമെന്നുമാണ് മുകേഷ് പറയുന്നത്. ഇതേ വാദമാണ് ആരോപണം ഉയര്‍ന്നപ്പോഴും മുകേഷ് ഉന്നയിച്ചത്. എന്നാല്‍ കേസെടുക്കുകയും അത് മുന്നണിക്കും സര്‍ക്കാരിനും തിരിച്ചടിയുണ്ടാക്കുമെന്ന സാഹചര്യത്തില്‍ മുകേഷിന്റെ രാജി ആവശ്യത്തില്‍ മുന്നണിക്കുള്ളിലും അഭിപ്രായമുയരുന്നുണ്ട്. നിലവില്‍ മുകേഷിനെ തള്ളിപ്പറയാതെ സംരക്ഷിക്കുന്നുവെന്ന വികാരം സിപിഐയ്ക്കുണ്ട്.
അതേസമയം ആരോപണവും കേസും ഗൗരവമുള്ളതാണെന്ന ബോധ്യം സിപിഎമ്മിനുണ്ട്. നാളെ സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. അതിന് ശേഷം വിഷയത്തില്‍ ശക്തമായ നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.