പൂമാല(ഇടുക്കി): മകളുടെ പേരിലെ തെറ്റ് തിരുത്താൻ ആദിവാസി യുവാവ് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരുവർഷം. എന്നിട്ടും നടപടിയില്ല. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അടക്കം കുട്ടിക്ക് നഷ്ടപ്പെടുന്നു. ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ തടിയനാൽ ആദിവാസിക്കോളനിയിൽ കാപ്പിത്തോട്ടത്തിൽ ബിജുവാണ് മകളുടെ പേരിലെ തെറ്റ് തിരുത്തി കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങുന്നത്.
എറണാകുളം ജില്ലയിൽ പായിപ്ര പഞ്ചായത്തിൽ സഫൈൻ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. അന്ന് ജനനം മാത്രമാണ് രജിസ്റ്റർചെയ്തത്. പിന്നിടാണ് പേര് ചേർത്തത്. ശ്രീലക്ഷ്മി എന്നാണ് കുട്ടിയുടെ പേര്. ഇത് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ‘എച്ച്’ എന്ന അക്ഷരം ചേർക്കാത്തതാണ് പ്രശ്നം. ഇതോടെ ഇംഗ്ലീഷിൽ വായിക്കുമ്പോൾ ശ്രീലക്സ്മി (sree leksmi) എന്നാകും. ആധാർ, ജനനസർട്ടിഫിക്കറ്റ്, സ്കൂൾരേഖകൾ എന്നിവയിലെല്ലാം തെറ്റ് ആവർത്തിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും പേരിന്റെ ഉച്ഛാരണം രണ്ടുവിധത്തിലായതോടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉൾപ്പെടെ കുട്ടിക്ക് നഷ്ടപ്പെടുന്നു.
ശ്രീലക്ഷ്മി ഇപ്പോൾ പൂമാല ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. എസ്.എസ്.എൽ.സി.ക്ക് മുമ്പ് തിരുത്തിയില്ലെങ്കിൽ പിന്നീട് തിരുത്തൽ വലിയബുദ്ധിമുട്ടാകുമെന്നത് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കുട്ടി പഠിക്കുന്ന സ്കൂൾ അധികൃതർ അഡ്മിഷൻ രേഖയിൽ തിരുത്തി ഈ വിവരം പഞ്ചായത്തിൽ അറിയിച്ചാൽ ജനനസർട്ടിഫിക്കറ്റ് തിരുത്തി നൽകാമെന്നാണ് പായിപ്ര പഞ്ചായത്ത് അധികൃതർ പറയുന്നത്. അല്ലെങ്കിൽ സ്കൂൾ അധികൃതർ പേരിലെ തെറ്റുതിരുത്തി പുതിയ ബർത്ത് സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകണം. ഇത്തരത്തിൽ തിരുത്തി കിട്ടുന്ന ജനന സർട്ടിഫിക്കറ്റ് പ്രകാരം സ്കൂൾ രേഖകൾ തിരുത്തുമെന്ന് കത്തിൽ കാണിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.