ഹൈദരബാദ്:തെലങ്കാന വിമോചന ദിനം ആചരിക്കാനുള്ള ബി.ജെ.പി, ബി.ആര്.എസ് നീക്കത്തിനെതിരെ സി.പി.എ. തെലങ്കാന വിമോചന സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും മുന്‍ ബി.ആര്.എസ് സര്‍ക്കാരും കൈക്കൊണ്ട നിലപാടുകളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് തക്കലപ്പള്ളി ശ്രീനിവാസ റാവു വിമര്‍ശിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തെലങ്കാന വിമോചന ദിനം ആചരിക്കാനുള്ള തീരുമാനം കള്ളത്തരമാണെന്നും ആളുകളെ തെറ്റിധരിപ്പിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെലങ്കാനയുടെ വിമോചനസമര ചരിത്രത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്നും നിസാമിന്റെ ഭരണത്തിനെതിരായുള്ള പോരാട്ടത്തില്‍ ബി.ജെ.പി പങ്കെടുത്തിട്ടില്ലെന്നും ശ്രീനിവാസ റാവു പറഞ്ഞു.
സെപ്റ്റംബര്‍ 15ന് ഭൂപാലപ്പള്ളിയില്‍ സി.പി.ഐ സംഘടിപ്പിച്ച റാലിയിലാണ് ശ്രീനിവാസ റാവുവിന്റെ ബി.ജെ.പിക്കെതിരായ വിമര്‍ശനം. നിസാമിന്റെ ഭരണത്തിനെതിരായ സമരത്തിന്റെ പൈതൃകത്തെ ആദരിക്കുന്ന അമറുല തൂഫാന് പരമ്പരയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
സെപ്റ്റംബര്‍ 17ന് വിമോചനസമരദിനം ആചരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം തെറ്റാണെന്നും വിമോചനത്തിന്റെ യഥാര്‍ത്ഥ തീയതി സെപ്റ്റംബര്‍ 15 ആണെന്നും ശ്രീനിവാസ റാവു ചൂണ്ടിക്കാട്ടി. നിസാമിനെതിരായ പോരാട്ടത്തില്‍ ബി.ജെ.പിയുടെ പങ്കാളിത്തം വളരെ കുറവാണെന്നും വിമോചന ദിനം ആചരിക്കേണ്ട തീയതി ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാന വിമോചന ദിനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താതിലും ഔദ്യോഗികമായി അംഗികരിക്കാത്തതിലും മുന്‍ ബി.ആര്.എസ് സര്‍ക്കാരിനെയും ശ്രീനിവാസ റാവു വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടികള്‍ സമരത്തിന്റെ പ്രാധാന്യത്തെയും സമരസേനാനികളുടെ സ്മരണകളെയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെലങ്കാനയില്‍ സി.പി.ഐ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇക്കാര്യത്തിലുള്‍പ്പെടെ പരിഷ്ക്കരണങ്ങള്‍ ഉണ്ടാവുമെന്നും സായുധ സമര സേനാനികളുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സി.പി.ഐ നേതാവ് പറഞ്ഞു.