വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. എന്തുകൊണ്ട് അവര്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു? എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് ആരും ബൈഡനേയും കമലയേയും കൊല്ലാന്‍ ശ്രമിക്കുന്നില്ല എന്നാണ് മസ്ക് മറുപടി നല്‍കിയത്.
ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഇലോണ്‍ മസ്കിനെ താന്‍ പ്രസിഡന്റായാല്‍ ഉപദേശകനായി നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മുഴുവന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെയും ഓഡിറ്റ് നടത്തുമെന്നും പുതിയ പരിഷ്കാരങ്ങള്‍ക്ക് ശുപാര്‍ശകള്‍ നല്‍കാനായി പുതിയ എഫിഷ്യന്‍സി കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. ഈ കമ്മീഷന്റെ ചെയര്‍മാനായി ഇലോണ്‍ മസ്കിനെ നിയമിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം ട്രംപിനെതിരായ വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെസ് പ്രസിഡന്റ് കമലാ ഹാരിസും രംഗത്തെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുനേരെ ഫ്ളോറിഡയിലെ അദ്ദേഹത്തിന്റെ കെട്ടിടത്തിന് സമീപമുണ്ടായ വെടിവെപ്പുണ്ടായ റിപ്പോര്‍ട്ടുകളെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് കമല എക്സില്‍ കുറിച്ചത്. കൂടാതെ അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ വധശ്രമത്തെക്കുറിച്ച് ഫെഡറല്‍ ലോ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചതായി ജോ ബൈഡന് പ്രതികരിച്ചു. സംഭവത്തില്‍ ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പറഞ്ഞ ബൈഡന് ട്രംപിന്റെ സുരക്ഷ ഉറപ്പ് വരുത്തിയ സീക്രട്ട് സര്‍വീസിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രാദേശിക സമയം രണ്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് സമീപത്ത് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന റയാന് വെസ്ലി റൂത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അക്രമി ട്രംപിന് നേരെ രണ്ടിലേറെ തവണ വെടിയുതിര്‍ത്തെന്നാണ് വിവരം. വെടിവെപ്പ് ഉണ്ടായ സമയത്ത് ട്രംപ് ഗോള്‍ഫ് ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേസമയം ട്രംപ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു. ട്രംപിന് സുരക്ഷ ഒരുക്കുന്നതിന് വേണ്ടി ഗോള്‍ഫ് ക്ലബ് ഭാഗികമായി മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ തോക്കുമായി വേലിക്കെട്ടിന് സമീപം ഒളിച്ചിരുന്ന പ്രതി പുറത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ത്തതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലും ട്രംപിന് നേരെ സമാനമായി വധശ്രമം നടന്നിരുന്നു.