ക്രിസ്റ്റഫര്‍ ലൂയിസ് എന്ന അമേരിക്കന്‍ വ്ളോഗറുടെ പല വീഡിയോകളും ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വൈറലായിരുന്നു. ചെന്നൈയിലെത്തിയപ്പോള്‍ വഴിയോര തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിന്റേയും കട നടത്തുന്നവരുമായി അദ്ദേഹം നടത്തുന്ന സംഭാഷണങ്ങളുടേയും വീഡിയോകളായിരുന്നു വൈറലായത്. അതില്‍ ഒന്നായിരുന്നു തട്ടുകടയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന തരുള് റയാന്റേത്.
തരുളിന്റെ കടയില്‍നിന്ന് ചിക്കന്‍ 65-വും ചിക്കന്‍ കട്ലറ്റുമായിരുന്നു ലൂയിസ് വാങ്ങിക്കഴിച്ചത്. ഭക്ഷണത്തെ ലൂയിസ് നല്ല വാക്കുകള്‍ക്കൊണ്ട് പ്രശംസിച്ചു. എന്നാല്‍, ഭക്ഷണത്തേക്കാളേറെ ലൂയിസിനെ ആകര്‍ഷിച്ചത് തരുളിന്റെ അര്പ്പണമനോഭാവമായിരുന്നു.
പാര്‍ട്ട് ടൈം ആയി തട്ടുകട നടത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് തരുള്. ഇക്കാര്യം തരുള്, ലൂയിസിനോട് വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല, തന്റെ ഗവേഷണ പ്രബന്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന് പറയുകയും അത് കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ ഈ വീഡിയോ പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് വ്യവസായ പ്രമുഖന് ആനന്ദ് മഹീന്ദ്ര. തരുളിനെ അഭിനന്ദിച്ച അദ്ദേഹം , അതുല്യം അവിശ്വസനീയം, ഇന്ത്യന്‍ എന്നാണ് സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്.
നൂറ് ഗ്രാമിന്റെ ഒരു പ്ലേറ്റ് ചിക്കന്‍ 65-വും ചിക്കന്‍ കട്ലറ്റുമായിരുന്നു അന്ന് ലൂയിസ് തരുളില്നിന്ന് വാങ്ങിക്കഴിച്ചത്. ഗൂഗിള്‍ മാപ്പില്‍നിന്നാണ് തരുളിന്റെ കട കണ്ടെത്തിയതെന്ന് വീഡിയോയില്‍ തന്നെ ലൂയിസ് വ്യക്തമാക്കുന്നുണ്ട്. 13 വര്‍ഷം മുമ്പ് 16-ാം വയസ്സിലാണ് താന്‍ കട ആരംഭിച്ചതെന്നടക്കം തരുള് ലൂയിസിനോട് പറയുന്നുണ്ട്. തുടര്‍ന്ന്, താന്‍ ഇപ്പോഴും വിദ്യാര്‍ഥിയാണെന്നും പാര്‍ട്ട് ടൈമായാണ് കട നടത്തുന്നതെന്നും തരുള് പറഞ്ഞു. എന്താണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ബയോടെക്നോളജിയില്‍ ഗവേഷക വിദ്യാര്‍ഥിയാണെന്ന് തരുള് മറുപടി നല്കുന്നു.
തുടര്‍ന്ന് ഭക്ഷണം വിളമ്പാനുപയോഗിക്കുന്ന ഇലകളെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു. പോകാനൊരുങ്ങുമ്പോള്‍ വാങ്ങിച്ച ഭക്ഷണത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ പണം ലൂയിസ് തരുളിന് നല്കുന്നു. എന്നാല്‍ ഇത് സ്നേഹപൂര്‍വം നിരസിച്ച തരുളിന് ഒടുവില്‍ ലൂയിസന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരുന്നു. ഇത് തന്റെ ചെറിയൊരു സഹായമാണെന്നും ലൂയിസ് തരുളിനോട് പറയുന്നുണ്ട്.
ഇതിന് പിന്നാലെയാണ് തരുള് ലൂയിസിനോട് തന്റെ പേര് പറയുന്നതും അത് ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ ആവശ്യപ്പെടുന്നതും. സെര്‍ച്ച് ചെയ്താല്‍ കടയാണോ കാണുക എന്ന് ലൂയിസ് ചോദിച്ചപ്പോള്‍ അല്ല തന്റെ ഗവേഷണ പ്രബന്ധങ്ങളെന്ന് തരുള് മറുപടി പറയുന്നു. തുടര്‍ന്ന് ലൂയിസിന്റെ ഫോണില്‍ തരുള് തന്നെ തന്റെ പേര് സെര്‍ച്ച് ചെയ്യുകയും ഗൂഗിള്‍ സ്കോളറിലടക്കം വന്ന റിസള്‍ട്ടുകള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.