കണ്ണൂർ: ഫ്രീഡം ഫുഡിലൂടെ തടവുകാർ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന മട്ടൻ ബിരിയാണിയുടെയും കായവറുത്തതിന്റെയും ഉത്പാദനം നിർത്തി.
സംസ്ഥാനത്ത് മട്ടൻ ബിരിയാണിയും ഏത്തക്കായ വറുത്തതും ലഭിക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ മാത്രമാണ്. മട്ടൻ ബിരിയാണി 100 രൂപയ്ക്കും കായവറുത്തത് കിലോവിന് 260 രൂപയ്ക്കുമാണ് വിറ്റിരുന്നത്. മട്ടന്റെ വില കൂടിയതും ജയിലിൽ ഏത്തക്കായയുടെ ഉത്പാദനം കുറഞ്ഞതും പൊതുവിപണിയിൽ വിലവർധിച്ചതുമാണ് ഉത്പാദനം നിർത്താൻ കാരണമായി ജയിൽ അധികൃതർ പറയുന്നത്.
‘നഷ്ടക്കച്ചവടം’ നടത്തേണ്ടതില്ലെന്ന ജയിൽവകുപ്പിന്റെ നിർദേശമാണ് വൻ ഡിമാൻഡുള്ള ഭക്ഷ്യോത്പന്നങ്ങൾ നിർത്താൻ കാരണം. കണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായതോടെ ബേക്കറി ഉത്പന്നങ്ങളും വിപണിയിലെത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല.
മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ജയിലിൽനിന്ന് വിപണിയിൽ എത്തിക്കുന്നത്. ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, ചോക്ലേറ്റ് എന്നിവയാണ് പ്രധാന വിഭവങ്ങൾ.
സെൻട്രൽ ജയിലിനു സമീപത്തെ രണ്ട് കൗണ്ടറുകളിലും തളിപ്പറമ്പ്, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, തലശ്ശേരി, കൂത്തുപറമ്പ് എന്നീ ബസ്സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വാഹനങ്ങളിലും ജയിൽ ഉത്പന്നങ്ങൾ ലഭ്യമാണ്.