ന്യൂഡൽഹി: ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതോടെ ഹരിയാണ ബി.ജെ.പി.യിൽ കലഹം. എം.എൽ.എ.യടക്കം അഞ്ചുനേതാക്കൾ രാജിവച്ചു. കൂടുതൽ നേതാക്കൾ പുറത്തുപോകുമെന്നാണ് സൂചന.
ലക്ഷ്മൺദാസ് നാപ്പ എം.എൽ.എ.യാണ് രാജിവച്ചവരിൽ പ്രമുഖൻ. മുൻകാബിനറ്റ് മന്ത്രി കവിതാ ജയിൻ പൊട്ടിക്കരഞ്ഞു. ലക്ഷ്മൺദാസ് നാപ്പ കോൺഗ്രസിൽ ചേര്ന്നു.
67 സ്ഥാനാർഥികളുടെ പേരുകളടങ്ങിയ ആദ്യഘട്ടം സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച വൈകീട്ടാണ് ബി.ജെ.പി. പുറത്തുവിട്ടത്. ഇതോടെ സീറ്റുലഭിക്കാത്ത മുതിർന്ന നേതാക്കളടക്കം കലഹക്കൊടി ഉയർത്തി. മുൻ എം.പി. സുനിതാ ദുഗ്ഗലിന് തന്റെ മണ്ഡലമായ രതിയയിൽ സ്ഥാനാർഥിത്വം നൽകിയതോടെയാണ് നാപ്പ പ്രതിഷേധമുയർത്തിയത്.
ഇന്ദ്രി, ബവാനി ഖേര, ഉഖ്ലാന, റാണിയ, സോനിപ്പത്ത് തുടങ്ങിയ മണ്ഡലങ്ങളിലും തർക്കമുയർന്നിട്ടുണ്ട്. ഇന്ദ്രി മണ്ഡലത്തിൽ രാംകുമാർ കാശ്യപിന് ടിക്കറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒ.ബി.സി. മോർച്ചാ നേതാവും മുൻ മന്ത്രിയുമായ കർണദേവ് കാംബോജ് പാർട്ടിയിൽനിന്ന് രാജിെവച്ചു. ബവാനി ഖേര മണ്ഡലത്തിൽ കപൂർ വത്മീകിക്ക് സീറ്റുനൽകിയതിൽ പ്രതിഷേധിച്ച് കിസാൻ മോർച്ച അധ്യക്ഷസ്ഥാനവും പാർട്ടി അംഗത്വവും സുഖ്വിന്ദർ ഷെരോൺ രാജിവച്ചു. ഉഖ്ലാന മണ്ഡലത്തിൽ അനൂപ് ധനകിനെ രംഗത്തിറക്കിയതിൽ ഇടഞ്ഞ് മുതിർന്ന നേതാവ് ഷംഷേർ ഗിൽ പാർട്ടി അംഗത്വം രാജിെവച്ചു. സോനിപ്പത്ത് മണ്ഡലത്തിൽ നിഖിൽ മദനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ യുവനേതാവ് അമിത് ജയിൻ പാർട്ടിവിട്ടു.
മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജയിനും മുൻ കാബിനറ്റ് മന്ത്രി കവിതാ ജയിനും കലഹത്തിലാണ്. പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും യോഗം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. യോഗത്തിൽ ഹരിയാണ മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, സ്ഥാനാർഥി നിഖിൽ മദൻ എന്നിവർക്കെതിരേ മുദ്രാവാക്യമുയർത്തി. സെപ്റ്റംബർ 8-ന് വീണ്ടും പ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. റാണിയ സീറ്റിൽ ഷീഷ്പാൽ കംബോജാണ് സ്ഥാനാർഥി. രഞ്ജിത് സിങ് ചൗട്ടാലയാണ് ഒഴിവാക്കപ്പെട്ടത്. ഇതേത്തുടർന്ന് ചൗട്ടാലയും പിണക്കത്തിലാണ്.