തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്നുള്ള അവയവദാനം സംസ്ഥാനത്ത് കുറയുന്നു. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം കൂടുന്നതായും അവയവദാന മേൽനോട്ടച്ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ളാന്റ് ഓർഗനൈസേഷൻ) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്നങ്ങളുമാണ് പലരെയും പിന്തിരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.
ഇക്കൊല്ലം ഇതുവരെ മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്നുള്ള 28 അവയവമാറ്റശസ്ത്രക്രിയകൾ മാത്രമാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞവർഷം 62 ശസ്ത്രക്രിയകൾ നടന്നിരുന്നു. 2015-ൽ 218.
വൃക്കമാറ്റിവെക്കലിനുമാത്രമായി ആയിരത്തിലധികം പേർ രജിസ്റ്റർചെയ്ത് കാത്തിരിപ്പുണ്ട്. അതേസമയം ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. 2021-ൽ 1053-ഉം 2022-ൽ 1332-ഉം 2023-ൽ 1033-ഉം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് നടന്നത്. ഇക്കൊല്ലവും ഇതിനോടകം ആയിരത്തിലധികം ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവർഷവും ജീവിച്ചിരിക്കുന്നവരിൽനിന്നുള്ള 300-ലധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾവീതം നടന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്ധ ഡോക്ടർമാർ അടക്കമുള്ള സംഘത്തെ ചുമതലപ്പെടുത്തുകയും പ്രത്യേക പ്രോട്ടക്കോൾ തയ്യാറാക്കുകയും ചെയ്തെങ്കിലും കാര്യമായ ഫലം കണ്ടില്ല.
പരാതി കേൾക്കാൻ സംസ്ഥാനതലത്തിലും സമിതി
അവയവമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ സംസ്ഥാനതലത്തിൽ സാങ്കേതികസമിതിക്കുകൂടി സർക്കാർ രൂപം നൽകി. കച്ചവടസാധ്യതകൾ അടക്കമുള്ള സംശയം ഉയർന്നാൽ നിലവിൽ ജില്ലാതലത്തിലുള്ള സർക്കാർതലസമിതി അനുമതി നിഷേധിക്കാറുണ്ട്. സമിതി തീരുമാനത്തിനുമെതിരേ കോടതിയെ സമീപിക്കുകമാത്രമാണ് പോംവഴിയായുണ്ടായിരുന്നത്.
ഇനി നിലവിലുള്ള സമിതികളുടെ തീരുമാനത്തിനെതിരേ സംസ്ഥാനതല സാങ്കേതികസമിതിക്ക് അപ്പീൽ നൽകാനാകും. അവരും അനുമതി നിഷേധിച്ചാൽമാത്രം കോടതിയെ സമീപിച്ചാൽ മതി.
മെഡിക്കൽ വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയാണ് സാങ്കേതികസമിതിയുടെ അധ്യക്ഷൻ. കെസോട്ടോ എക്സിക്യുട്ടീവ് ഡയറക്ടറാണ് സമിതി കൺവീനർ.